ഒക്ടോബർ 28-ന് നടക്കുന്ന വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ അഡ്വാൻസ് വോട്ടിങ് (മുൻകൂട്ടിയുള്ള വോട്ടിങ്) ഒക്ടോബർ 5 തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുന്ന അഡ്വാൻസ് വോട്ടിങിൽ വിനിപെഗ് നിവാസികൾക്ക് മേയർ, കൗൺസിലർ, സ്കൂൾ ട്രസ്റ്റി എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യാം. വോട്ട് ചെയ്യാൻ പോകുമ്പോൾ, പേരും നിലവിലെ വിലാസവും തെളിയിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ വോട്ടർമാർ കൈവശം കരുതണം. തിരിച്ചറിയൽ രേഖ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.
510 മെയിൻ സ്ട്രീറ്റിലുള്ള സിറ്റി ഹാളിന്റെ രണ്ടാം നിലയിൽ, ഒക്ടോബർ 5 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ (വാരാന്ത്യങ്ങളും താങ്ക്സ്ഗിവിങ് ദിനവും ഒഴികെ) രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താം. വിനിപെഗിൽ എവിടെ താമസിക്കുന്നവരായാലും നഗരത്തിലെ എല്ലാ വോട്ടർമാർക്കും ഈ അഡ്വാൻസ് വോട്ടിങ് കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാം. ആളുകൾക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആശുപത്രികൾ, കെയർ ഹോമുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും.







