നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്‍റെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ രാജ്യത്തെ ഓരോ പ്രായപൂര്‍ത്തിയായ പൗരനും 5,000 ഡോളര്‍ വീതം നല്‍കുമെന്ന് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വമ്പന്‍ പ്രഖ്യാപനം. ഡാലസില്‍ നടന്ന റിപ്പബ്ലിക്കന്‍ മിഡ്ടേം കണ്‍വെന്‍ഷന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് ട്രംപ് അസാധാരണ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്ക് കുറഞ്ഞത് ഒരു ട്രില്യണ്‍ ഡോളറെങ്കിലും ചെലവാകുമെന്നാണ് വിലയിരുത്തല്‍.
”റിപ്പബ്ലിക്കന്‍മാര്‍ വിജയിച്ചാല്‍ നിങ്ങളും വിജയിക്കും, നിങ്ങള്‍ക്ക് 5,000 ഡോളര്‍ ലഭിക്കും. ഇതിനെ ട്രംപ് ഡിവിഡൻ്റ് എന്ന് വിളിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ തുക എവിടെനിന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ വിശദീകരണം നല്‍കിയില്ല. അതേസമയം സാമ്പത്തികമായും രാഷ്ട്രീയമായും പ്രായോഗികമല്ലാത്ത നിർദ്ദേശമായാണ് പദ്ധതിയെ വിലയിരുത്തുന്നത്.
നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്‍റെ ഇരുസഭകളിലും ഭൂരിപക്ഷം നിലനിര്‍ത്താനാകുമെന്ന തന്‍റെ പ്രതീക്ഷയും ട്രംപ് ആവര്‍ത്തിച്ചു. അതേസമയം, സമീപകാല അഭിപ്രായ സര്‍വേകളില്‍ ട്രംപിന്‍റെ ഭരണത്തെ അനുകൂലിക്കുന്നവരുടെ നിരക്ക് 30 ശതമാനത്തിലും താഴ്ന്നിരുന്നു. ഉയര്‍ന്ന വിലക്കയറ്റത്തിലും ഇറാനെതിരായ യുദ്ധത്തിലും വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.







