ടൊറൻ്റോയിൽ ലിഥിയം-അയോൺ ബാറ്ററികൾ മൂലമുണ്ടാകുന്ന അപകടകരമായ തീപിടിത്തങ്ങളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് 97 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ടൊറൻ്റോ ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. മുൻവർഷം രേഖപ്പെടുത്തിയ 91 കേസുകൾ എന്ന റെക്കോർഡ് ഇതോടെ മറികടന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇത്തരം അപകടങ്ങളിൽ 200 ശതമാനത്തിലധികം വർധന ഉണ്ടായിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. ഈ വർഷം മാത്രം ഇത്തരം അപകടങ്ങളിൽപ്പെട്ട് 14 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പ്രധാനമായും ഇ-ബൈക്കുകൾ, ഇ-സ്‌കൂട്ടറുകൾ, മറ്റ് ഇലക്ട്രിക് ഗാഡ്‌ജറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബാറ്ററികളാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. വ്യാജ ചാർജറുകളുടെ ഉപയോഗം, അമിതമായ ചാർജിങ്, കേടുപാടുകൾ സംഭവിച്ച ബാറ്ററികളുടെ തുടർ ഉപയോഗം എന്നിവ അപകട സാധ്യത വർധിപ്പിക്കുന്നു. ലിഥിയം-അയേൺ ബാറ്ററികൾക്ക് തീപിടിക്കുമ്പോൾ അതിവേഗം പടർന്നുപിടിക്കുകയും മാരകമായ വിഷവാതകങ്ങൾ വൻതോതിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്നതിനാൽ ഇവ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഉപകരണങ്ങളുടെയും ബാറ്ററികളുടെയും ഇറക്കുമതിയും വിൽപ്പനയും പൂർണമായി നിയന്ത്രിക്കണമെന്ന് ടൊറൻ്റോ സിറ്റി ആവശ്യപ്പെട്ടു. വിശ്വസനീയവും സാക്ഷ്യപ്പെടുത്തിയതുമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനും, അടച്ചിട്ട മുറികളിലോ ഉറങ്ങുന്ന സമയത്തോ ഇവ ചാർജ് ചെയ്യരുതെന്നും ഫയർ സർവീസ് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.







