കൊല്ലം ബീച്ചിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനടുത്ത് വലിയൊരു അകടത്തിൽ നിന്നുമാണ് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടത്. മുതാക്കര തീരത്ത് ഒഴുക്കിൽപ്പെട്ട ‘ജെസിമോൾ’ എന്ന വള്ളം കരയിലേക്ക് മാറ്റുന്നതിനായി ശ്രമിക്കുന്നതിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആദ്യം ഒഴുക്കിൽപ്പെട്ട് കൊല്ലം ബീച്ചിന് സമീപം എത്തിയ ജെസിമോൾ വള്ളം, പ്രദേശവാസിയായ ഷാജി മാഷ്കാരന്റെ സഹായത്തോടെ വടം കെട്ടി കരയിലേക്ക് പിടിച്ചിടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് വള്ളത്തിന്റെ ഉടമയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് മുതാക്കരയിലെ മറ്റ് വള്ളക്കാരെ വിവരം അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജെസിമോൾ വള്ളം ഒഴുക്കഴിച്ചു കൊണ്ടുപോകാൻ സെന്റ് ആന്റണിസ് എന്ന വള്ളത്തിൽ അഞ്ച് മത്സ്യത്തൊഴിലാളികൾ സ്ഥലത്തെത്തി. എന്നാൽ ശക്തമായ തിരമാലയിൽപ്പെട്ട് ഈ വള്ളം കീഴേമേൽ മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മുതാക്കര സ്വദേശികളായ അഞ്ച് തൊഴിലാളികളും വള്ളത്തിനടിയിൽപ്പെട്ടെങ്കിലും, ഭാഗ്യവശാൽ എല്ലാവരും നീന്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മുതാക്കരയിൽ നിന്ന് മറ്റ് രണ്ട് വള്ളങ്ങൾ കൂടി എത്തിയാണ് മറിഞ്ഞ വള്ളങ്ങളെയും തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചത്.







