പാക്കറ്റിൽ ബദാം ചേർത്തതായി വ്യക്തമാക്കാത്തതിനെ തുടർന്ന് ഹെർഷേയ്സ് ചോക്ലറ്റ് ബ്രാൻഡ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഹെർഷേയ്സ് കിസ്സസ് ക്രീമി മിൽക്ക് ചോക്ലേറ്റ്, 200 ഗ്രാം, ഹെർഷേയ്സ് കിസ്സസ് ക്രീമി മിൽക്ക് ചോക്ലേറ്റ് 104 ഗ്രാം എന്നിവയാണ് തിരിച്ചുവിളിച്ചവ. ഈ ചോക്ലറ്റ് കഴിച്ച ഒരാൾക്ക് അലർജി കാരണം ആരോഗ്യപ്രശ്നം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതോടെയാണ് നടപടി.
ബദാം അലർജിയുള്ളവർ ഇവ കഴിക്കരുതെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഈ ചോക്ലറ്റുകൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് കമ്പനി നിർദ്ദേശിച്ചു. പൂർണ്ണമായ റീഫണ്ടിനായി അവർക്ക് ഹെർഷേയ്സ് കൺസ്യൂമർ റിലേഷൻസിനെ ബന്ധപ്പെടണം. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ 2026 മെയ് 6 നും ജൂലൈ 28 നും ഇടയിൽ കാനഡയിൽ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ.







