കാനഡ-അമേരിക്ക വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ വ്യാപാര കരാറിലെത്തുന്നതിനുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ചര്‍ച്ച നടത്തിയതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഞായറാഴ്ചയാണ് കാര്‍ണി ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ നടന്ന ക്രിയാത്മക ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് പുതിയ സംഭാഷണമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ വ്യാപാരനയങ്ങളും അയല്‍രാജ്യങ്ങളുമായുള്ള ബന്ധവും വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
പരസ്പരം ഗുണകരമായ വ്യാപാര കരാറിലെത്തുന്നതിനായി വരും ആഴ്ചകളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കാര്‍ണി അറിയിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ ഏത് രീതിയിലായിരിക്കും മുന്നോട്ടുപോകുകയെന്ന കാര്യത്തില്‍ വ്യക്തമല്ല. ഔദ്യോഗിക ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.
ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുതിയ വ്യാപാര ചര്‍ച്ചകളിലും പ്രധാന തര്‍ക്കവിഷയമായി തുടരാനാണ് സാധ്യത. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളായിരുന്നു. ചര്‍ച്ചകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും പരസ്പരം ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, അമേരിക്കന്‍ കര്‍ഷകര്‍ക്കും രാജ്യത്തിനും ഒരുപോലെ ഗുണകരമായ കരാറിന്‍റെ രൂപരേഖ തയാറായിട്ടുണ്ടെന്ന് ട്രംപ് ഞായറാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാനഡയ്ക്കും ഈ കരാര്‍ സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനെ ട്രംപ് ഭരണകൂടം സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവും പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ ജനതയ്ക്ക് വ്യക്തമായ നേട്ടങ്ങള്‍ നല്‍കുന്ന കരാറിന്‍റെ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.







