വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി സുധീർ (40) അന്തരിച്ചു. ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനം. മറ്റൊരു ബോട്ടിൽ നിന്ന് ലഭിച്ച മത്സ്യം വാങ്ങിയാണ് സുധീറും കുടുംബവും പാകം ചെയ്തു കഴിച്ചത്.
കഴിഞ്ഞ ഒക്ടോബർ 28-നാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടുകയും, നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
കുടുംബത്തിലെ മറ്റുള്ളവർക്കും ചെറിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങളും അലർജിയും ഉണ്ടായെങ്കിലും ആരുടെയും നില ഗുരുതരമായിരുന്നില്ല. മത്സ്യത്തിന്റെ മുട്ടയും മറ്റും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായതെന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മീനിന്റെ സാമ്പിൾ കൊച്ചിയിലെ കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനത്തിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.







