കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ഊട്ടി–മേട്ടുപ്പാളയം ദേശീയപാത പുനരുദ്ധാരണത്തിനായി അടച്ചതോടെ നീലഗിരി ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ മാസം 23 മുതൽ 25 വരെയുണ്ടായ കനത്ത മഴയിൽ ബർളിയാർ ഭാഗത്താണ് റോഡ് പൂർണ്ണമായും ത തകർന്നത്. റോഡിന് മുകളിലെ പാറക്കൂട്ടങ്ങൾക്ക് ഇളക്കം തട്ടിയിട്ടുള്ളതിനാൽ അപകട ഭീഷണിയുള്ള ഈ പാറകൾ പൊട്ടിച്ചുമാറ്റണമെന്ന ആവശ്യവും ശക്തമാണ്.
ദേശീയപാത അതോറിറ്റിയുടെ ചെന്നൈ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. നിലവിൽ ബർളിയാർ വരെ മാത്രമാണ് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾക്ക് സർവീസ് നടത്താൻ അനുമതിയുള്ളത്. എന്നാൽ മഴ പെയ്താൽ ഈ ബസ് സർവീസുകളും നിർത്തിവെക്കും. മറ്റ് സ്വകാര്യ വാഹനങ്ങൾക്കൊന്നും ഈ വഴി കടന്നുപോകാൻ അനുവാദമില്ല.
നിലവിൽ ഊട്ടിയിലേക്ക് പോകുന്ന വാഹനങ്ങൾ കോത്തഗിരി വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഈ ബദൽ മാർഗ്ഗം ഉപയോഗിക്കുമ്പോൾ ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് എത്തുവാൻ 13 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവരും. ഗതാഗത തടസ്സവും യാത്രാ ദൈർഘ്യവും കാരണം ഊട്ടി ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.







