വാഷിങ്ടൺ : റൊണാള്‍ഡ് റീഗന് നാഷണല്‍ വിമാനത്താവളത്തില്‍ രണ്ട് അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ടേക്ക് ഓഫിനായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് രണ്ട് ബോയിങ് 737 വിമാനങ്ങളുടെ ചിറകുകള് പരസ്പരം ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നാല്‍ ഒരു വിമാനത്തിന്റെ ചിറകിന്റെ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ താങ്ക്സ്ഗിവിങ് അവധിക്കാലത്തോടനുബന്ധിച്ച് ദശലക്ഷക്കണക്കിന് ആളുകള്‍ വിമാനയാത്ര നടത്തുന്ന തിരക്കേറിയ സമയത്താണ് സംഭവം.
ഡാലസിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 638, ഷിക്കാഗോയിലേക്ക് പുറപ്പെടാനിരുന്ന ഫ്ലൈറ്റ് 2152 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനായി ടാക്സിവേയില്‍ നീങ്ങുന്നതിനിടെയായിരുന്നു കൂട്ടിയിടി. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് ടവറുമായുള്ള പൈലറ്റുമാരുടെ ആശയവിനിമയത്തിന്റെ ശബ്ദരേഖയിലും അപകടവിവരം പുറത്തുവന്നിട്ടുണ്ട്. ഫ്ലൈറ്റ് 638-ന്റെ പൈലറ്റ് വിമാനം നിര്‍ത്തേണ്ട രേഖയ്ക്ക് അപ്പുറത്തേക്ക് അല്പം നീങ്ങിയതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് രണ്ട് വിമാനങ്ങളും സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി, യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വ്യക്തമാക്കി.








