ഷിക്കാഗോ : ജീവനക്കാരുടെ കുറവിനെ തുടർന്ന് ഷിക്കാഗോ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഒ’ഹെയറിൽ ടെര്‍മിനല്‍ റഡാര്‍ അപ്രോച്ച് കണ്‍ട്രോള്‍ വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ് നിയന്ത്രണത്തിന് കാരണമായത്. നവംബർ 23 തിങ്കളാഴ്ച രാവിലെ ആരംഭിച്ച നിയന്ത്രണം ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ശേഷം പിന്‍വലിച്ചു. തുടര്‍ന്ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഷിക്കാഗോയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇതുമൂലം കാലതാമസമുണ്ടായി.
നവംബര്‍ 13-ന് അമേരിക്കയിലുടനീളം വിമാന സര്‍വീസുകളെ ബാധിച്ച സാങ്കേതികതകരാറിനെ തുടര്‍ന്നുള്ള വ്യാപകമായ ഗ്രൗണ്ട് സ്റ്റോപ്പിന് ദിവസങ്ങള്‍ക്കു ശേഷമാണ് ഒ’ഹെയറില്‍ വീണ്ടും നിയന്ത്രണമുണ്ടായത്. യാത്രാത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍സംവിധാനത്തിലെ ജീവനക്കാരുടെ അപര്യാപ്തത വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്. തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശിക്കുന്നു.








