വാഷിങ്ടൺ : വൻ കുടിയേറ്റ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ഗുജറാത്ത് സ്വദേശിയ്ക്ക് 10 വർഷം തടവുശിക്ഷ വിധിച്ച് യുഎസ് ഫെഡറൽ കോടതി. അമേരിക്കയിൽ നിയമപരമായ കുടിയേറ്റ പദവി നേടാൻ ആഗ്രഹിച്ച വിദേശികളെ വ്യാജ കുറ്റകൃത്യങ്ങളുടെ ഇരകളായി ചിത്രീകരിച്ച് യു വീസ (U Visa) ലഭ്യമാക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിൽ പങ്കാളികളായ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചുവർഷം വീതം തടവുശിക്ഷയും വിധിച്ചു.
ലൂയിസിയാനയിലെ ഓക്ഡെയിൽ സ്വദേശി 40 വയസ്സുള്ള ചന്ദ്രകാന്ത് ‘ലാലാ’ പട്ടേലിനാണ് 120 മാസം തടവുശിക്ഷ ലഭിച്ചത്. വീസ തട്ടിപ്പിനുള്ള ഗൂഢാലോചന, നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണം കൈമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. മെയ് 28-ന് കുറ്റം സമ്മതിച്ച പട്ടേലിനെ ജയിൽശിക്ഷ പൂർത്തിയാക്കിയശേഷം അമേരിക്കയിൽ നിന്ന് നാടുകടത്തും. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പേർക്കും 60 മാസം വീതം ഫെഡറൽ തടവുശിക്ഷയാണ് ലഭിച്ചത്.
വ്യാജ കവർച്ചാ റിപ്പോർട്ടുകൾ ഉപയോഗിച്ച് യു വീസ തട്ടിപ്പ്
കോടതി രേഖകൾ പ്രകാരം 2020 നവംബർ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. നിയമപരമായ കുടിയേറ്റ പദവി തേടിയെത്തിയ വിദേശികളെ പട്ടേൽ കണ്ടെത്തി, പണം വാങ്ങി, അവർ യഥാർത്ഥത്തിൽ നടന്നിട്ടില്ലാത്ത സായുധ കവർച്ചകളുടെ ഇരകളാണെന്ന് വ്യാജമായി ചിത്രീകരിക്കുകയായിരുന്നു. ഇതിനായി ഗ്ലെൻമോറ, ഓക്ഡെയിൽ, ഫോറസ്റ്റ് ഹിൽ എന്നീ പ്രദേശങ്ങളിലെ പൊലീസ് മേധാവികളെയും ഒരു മാർഷലിനെയും പട്ടേൽ കൂട്ടുപിടിച്ചു. ഇവർ വ്യാജ പോലീസ് റിപ്പോർട്ടുകൾ തയ്യാറാക്കുകയും കുടിയേറ്റ അപേക്ഷകൾക്കാവശ്യമായ രേഖകളിൽ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
എന്താണ് യു വീസ ?
അമേരിക്കയിൽ ചില നിർദ്ദിഷ്ട ഗുരുതര കുറ്റകൃത്യങ്ങളുടെ ഇരകളാകുകയും, ആ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലോ പ്രോസിക്യൂഷനിലോ നിയമപാലക ഏജൻസികളുമായി സഹകരിക്കുകയും ചെയ്യുന്ന യോഗ്യരായ വിദേശികൾക്ക് നൽകുന്ന കുടിയേറ്റ ആനുകൂല്യമാണ് യു നോൺ ഇമിഗ്രൻ്റ് വീസ അഥവാ യു വീസ (U Nonimmigrant Visa).








