ഫ്രെഡറിക്ടൺ : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പുകളിലൂടെ പ്രവിശ്യയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ യോഗ്യരായ 463 പേർക്ക് ഇൻവിറ്റേഷൻ നൽകിയതായി ന്യൂബ്രൺസ്വിക് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. നവംബർ 2 മുതൽ 16 വരെ നടന്ന ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം, അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പുകളിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മുൻഗണനാ തൊഴിൽ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്.
നവംബർ 13-ന് നടന്ന നറുക്കെടുപ്പിൽ സ്കിൽഡ് വർക്കർ സ്ട്രീമിലെ ന്യൂബ്രൺസ്വിക് ഗ്രാജുവേറ്റ്സ്, ന്യൂബ്രൺസ്വിക് എക്സ്പീരിയൻസ് എന്നീ വിഭാഗങ്ങളിലൂടെ 198 പേർക്കും, നവംബർ 2-ന് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സ്ട്രീമിലെ ഫ്രാങ്കോഫോൺ തൊഴിലാളികൾ, ഫ്രാങ്കോഫോൺ പ്രയോരിറ്റീസ് എന്നീ വിഭാഗങ്ങളിലൂടെ 192 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, നവംബർ 6, 16 തീയതികളിൽ നടന്ന അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പിൽ 73 അപേക്ഷകർക്ക് കൂടി ഇൻവിറ്റേഷൻ നൽകി.
NBPNP വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് പ്രവിശ്യയിലെ പഠന പരിചയമോ, കുറഞ്ഞത് ആറ് മാസത്തെ ജോലി പരിചയമോ, യോഗ്യരായ തൊഴിലുടമയിൽ നിന്നുള്ള ഫുൾ ടൈം ജോബ് ഓഫറോ ഉണ്ടായിരിക്കണം. ഫ്രാങ്കോഫോൺ വിഭാഗക്കാർക്ക് ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ആവശ്യമാണ്.








