ന്യൂയോർക്ക് : അമേരിക്കയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെ ഭക്ഷണച്ചെലവ് കുറയ്ക്കാൻ ഡിസ്കൗണ്ട് ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഗ്രോസറി ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് പുറമെ ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഊർജവിലയിലുണ്ടായ കുതിപ്പും ഭവനവായ്പകളുടെ ഉയർന്ന പലിശനിരക്കും അമേരിക്കൻ കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനായി ഭക്ഷണച്ചെലവ് കുറയ്ക്കേണ്ടിവന്നതായി അഞ്ചിൽ ഒരാൾ (20 ശതമാനം) വെളിപ്പെടുത്തിയെന്ന് കഴിഞ്ഞ മാസം ‘കൺസ്യൂമർ റിപ്പോർട്ട്സ്’ പുറത്തുവിട്ട സർവേ വ്യക്തമാക്കുന്നു. പണപ്പെരുപ്പം സാധാരണക്കാരുടെ സാമ്പത്തിക ആത്മവിശ്വാസം ഗണ്യമായി കുറച്ചതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2019 ജനുവരി മുതൽ 2026 ജൂൺ വരെ പലചരക്ക് സാധനങ്ങളുടെ വിലയിൽ ഏകദേശം 33 ശതമാനം വർധനയുണ്ടായി. ഇതോടെ ‘ടൂ ഗുഡ് ടു ഗോ’, ‘ഒലിയോ’, ‘ഫ്ലാഷ്ഫുഡ്’ തുടങ്ങിയ ആപ്പുകളുടെ ഉപയോഗം കഴിഞ്ഞ ഒരു വർഷത്തിനിടെ 30% വർധിച്ചു. കുതിച്ചുയരുന്ന ജീവിതച്ചെലവിൽ കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണം കണ്ടെത്താൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നുണ്ടെന്ന് ‘ടൂ ഗുഡ് ടു ഗോ’ നോർത്ത് അമേരിക്ക വൈസ് പ്രസിഡൻ്റ് ക്രിസ് മക്കോളെ പറഞ്ഞു.








