കാനഡയിൽ കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണം വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകളിൽ പത്ത് വർഷത്തിനിടെ 347% വർധന ഉണ്ടായതായി ‘ചിൽഡ്രൻ ഫസ്റ്റ് കാനഡ’ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പ്രതിമാസം ലക്ഷത്തിലധികം പരാതികളാണ് കനേഡിയൻ സെന്‍റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷന് ലഭിക്കുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ‘സേഫ് സോഷ്യൽ മീഡിയ ആക്ട്’ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ പരിഗണനയിലുള്ള ‘സേഫ് സോഷ്യൽ മീഡിയ ആക്ട്’ അനുസരിച്ച് 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് വരും. എന്നാൽ, ഈ ഘട്ടത്തിൽ AI ചാറ്റ്‌ബോട്ട് പ്ലാറ്റ്‌ഫോമുകൾക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.
നിലവിൽ കാനഡയിലെ കൗമാരക്കാർ ഓരോ ദിവസവും 5 മുതൽ 7 മണിക്കൂർ വരെ ഇൻ്റർനെറ്റിൽ ചെലവഴിക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾ സംശയത്തോടെയും നിയന്ത്രണങ്ങളോടെയും അല്ലാതെ, കാര്യങ്ങൾ മനസ്സിലാക്കാനുള്ള ജിജ്ഞാസയോടെയും സൗഹൃദത്തോടെയും മക്കളോട് സംസാരിക്കാനും അവർ ഓൺലൈനിൽ എന്താണ് കാണുന്നതെന്ന് ചോദിച്ചറിയാനും തയ്യാറാകണമെന്ന് ചിൽഡ്രൻ ഫസ്റ്റ് കാനഡ സി.ഇ.ഒ സാറ ഓസ്റ്റിൻ നിർദ്ദേശിച്ചു.
2018-ൽ പഠനം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് കുട്ടികൾ നേരിടുന്ന പത്ത് പ്രധാന ഭീഷണികളിൽ ഓൺലൈൻ ഉപദ്രവങ്ങൾ ഒന്നാമത് എത്തുന്നത്. ഇത് കൊച്ചുകുട്ടികളെപ്പോലും ബാധിക്കുന്നുണ്ട്. കുട്ടികളുടെ മസ്തിഷ്ക വളർച്ച, മാനസികാരോഗ്യം, കായികവിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ എന്നിവയെയെല്ലാം ഓൺലൈൻ ലോകം ദോഷകരമായി ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യൂനിസെഫിന്റെ ചൈൽഡ് വെൽബീയിംഗ് ഇൻഡക്സിൽ 37 ഉന്നത വരുമാന രാജ്യങ്ങളിൽ 22-ാം സ്ഥാനത്താണ് കാനഡ. 2026-ലെ കിഡ്‌സ് റൈറ്റ്‌സ് ഇൻഡക്‌സിലാകട്ടെ, 194 രാജ്യങ്ങളിൽ 72-ാം സ്ഥാനത്താണ് രാജ്യം.







