ന്യൂയോർക്ക് സിറ്റിയുടെ ആകാശക്കാഴ്ചകൾ സമ്മാനിക്കുന്ന പ്രശസ്തമായ നിരീക്ഷണ കേന്ദ്രങ്ങളിൽ (Observation Decks) ചരിത്രപരമായ മാറ്റം. 95 വർഷമായി നഗരത്തിലെ വ്യൂവിംഗ് ഡെക്കുകളുടെ രാജാവായി വാണിരുന്ന സാക്ഷാൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗിനെ പിന്നിലാക്കി ‘വൺ വാൻഡർബിൽറ്റ്’ കെട്ടിടത്തിലെ ‘സമ്മിറ്റ്’ (Summit) ഒന്നാമതെത്തി. സാമ്പത്തിക വരുമാനത്തിന്റെ കണക്കുകളിലാണ് വെറും അഞ്ച് വർഷം മാത്രം പഴക്കമുള്ള സമ്മിറ്റ് ഈ നേട്ടം കൈവരിച്ചത്.
കെട്ടിട ഉടമകളുടെ സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം, 2026-ന്റെ ആദ്യ പകുതിയിൽ സമ്മിറ്റ് 55.651 മില്യൺ ഡോളർ പ്രവർത്തന വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 53.541 മില്യൺ ഡോളറിനേക്കാൾ 3.9% വർദ്ധനവാണിത്. അതേസമയം, എംപയർ സ്റ്റേറ്റ് ഒബ്‌സർവേറ്ററിയുടെ വരുമാനം 2025-ന്റെ ആദ്യ പകുതിയിലെ 57 മില്യൺ ഡോളറിൽ നിന്ന് 2026-ൽ 42.7 മില്യൺ ഡോളറായി കുത്തനെ ഇടിഞ്ഞു.
മാൻഹട്ടനിൽ പുതിയ നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചതും അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വന്ന കുറവുമാണ് എംപയർ സ്റ്റേറ്റിന് തിരിച്ചടിയായത്. ‘ടോപ്പ് ഓഫ് ദി റോക്ക്’, ‘എഡ്ജ്’, ‘വൺ വേൾഡ് ഒബ്‌സർവേറ്ററി’, അടുത്തിടെ തുറന്ന ‘ടൈംസ് സ്ക്വയർ സ്കൈവാക്ക്’ തുടങ്ങിയ നിരവധി സ്വകാര്യ കേന്ദ്രങ്ങളും കോർപ്പറേഷന്റെ സ സൗജന്യ കേന്ദ്രമായ ‘സെന്റർ 360’യും വിപണിയിൽ വലിയ മത്സരമാണ് സൃഷ്ടിക്കുന്നത്.
ലൈറ്റ്-വീഡിയോ ഇൻസ്റ്റാളേഷനുകൾ, ടൈം-ട്രാവൽ സിമുലേഷനുകൾ, കണ്ണാടി പ്രദർശനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സമ്മിറ്റ് സഞ്ചാരികളെ ആകർഷിക്കുന്നത്. സമ്മിറ്റ് ഒബ്‌സർവേറ്ററി 97 മുതൽ 99 വരെയുള്ള നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. തിരിച്ചടി നേരിട്ടതോടെ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് അധികൃതർ തങ്ങളുടെ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്താനുള്ള തയാറെടുപ്പിലാണ്.







