ഇല്ലിനോയ് സംസ്ഥാനത്ത് 2027 വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുന്നതിനുള്ള ഓപ്പണ്‍ എൻറോള്‍മെൻ്റ് നവംബര്‍ ഒന്നിന് ആരംഭിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വര്‍ധനയും ഫെഡറല്‍ സാമ്പത്തിക സഹായ വ്യവസ്ഥകളിലെ മാറ്റങ്ങളും നിലവില്‍ വന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്. 2027 വര്‍ഷത്തേക്കുള്ള വ്യക്തിഗത ഇന്‍ഷുറന്‍സ് പദ്ധതികളുടെ സംസ്ഥാനതല ശരാശരി പ്രീമിയം വര്‍ധന 14.1 ശതമാനമാണെന്ന് ഇല്ലിനോയി ഇന്‍ഷുറന്‍സ് വകുപ്പ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ആരോഗ്യ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ്പ്ലേസായ ‘Get Covered Illinois’ മുഖേന പുതിയ ഇന്‍ഷുറന്‍സ് എടുക്കുന്നതിനും നിലവിലുള്ള പോളിസികള്‍ പുതുക്കുന്നതിനും മാറ്റുന്നതിനും 2027 ജനുവരി 15 വരെ അവസരമുണ്ടാകും. ഡിസംബര്‍ 15നകം അപേക്ഷിച്ച് ഇന്‍ഷുറന്‍സ് പദ്ധതി തിരഞ്ഞെടുക്കുന്നവര്‍ക്ക് 2027 ജനുവരി ഒന്നു മുതല്‍ പരിരക്ഷ ലഭിക്കും. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പരിരക്ഷ ഫെബ്രുവരി ഒന്നു മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.
2026-ല്‍ സംസ്ഥാനത്തെ 4.66 ലക്ഷത്തിലധികം പേര് മാര്‍ക്കറ്റ്പ്ലേസ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗങ്ങളായിരുന്നു. ഇവരില്‍ ഏകദേശം 85% പേര്‍ക്കും പ്രതിമാസ പ്രീമിയം കുറയ്ക്കുന്നതിനുള്ള ഫെഡറല്‍ നികുതി ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ ഫെഡറല്‍ നിയമമാറ്റങ്ങള്‍ ചില വിഭാഗങ്ങളുടെ സാമ്പത്തിക സഹായത്തിനുള്ള അര്‍ഹതയെ ബാധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.
2027 മുതല്‍ Cigna, Molina കമ്പനികളുടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ Get Covered Illinois മാര്‍ക്കറ്റ്പ്ലേസില്‍ ലഭ്യമാകില്ല. ഈ കമ്പനികളിലൂടെ നിലവില്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളവര്‍ പുതിയ പദ്ധതി തിരഞ്ഞെടുക്കണം. Blue Cross Blue Shield ഉള്‍പ്പെടെയുള്ള ചില കമ്പനികളുടെ പദ്ധതികളിലും മാറ്റങ്ങളുണ്ട്.
കൂടാതെ, ഫെഡറല്‍ നിയമമാറ്റങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നുമുതല്‍ Medicaid പരിരക്ഷ നഷ്ടപ്പെട്ട നിയമപരമായി അമേരിക്കയില്‍ താമസിക്കുന്ന 9,300 ഓളം കുടിയേറ്റക്കാര്‍ക്കായി പ്രത്യേക എൻറോള്‍മെൻ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. എന്നാല്‍ ഇവരില്‍ ചില വിഭാഗങ്ങള്‍ക്ക് 2027 ജനുവരി ഒന്നുമുതല്‍ പ്രീമിയം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ പ്രതിമാസ പ്രീമിയത്തിന് പുറമേ ഡിഡക്റ്റിബിള്‍, മരുന്നുകളുടെ പരിരക്ഷ, ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും നെറ്റ്വർക്ക് എന്നിവയും പരിശോധിക്കണമെന്ന് അധികൃതര്‍ നിർദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം വിവിധ പദ്ധതികള്‍ താരതമ്യം ചെയ്ത് തിരഞ്ഞെടുത്തവര്‍ക്ക് പ്രതിമാസ പ്രീമിയത്തില്‍ ശരാശരി 150 ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.GetCoveredIllinois.gov എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 1-866-311-1119 എന്ന നമ്പറിലും സഹായം ലഭ്യമാണ്. വിവിധ ഭാഷകളില്‍ സൗജന്യ സഹായം നല്‍കുന്നതിനുള്ള സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.







