നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആഡംബര കാറപകടക്കേസിലെ പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നു. കേസിൽ മൂന്നാം പ്രതിയായ ജോയൽ (19) ഇതിനോടകം തന്നെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഒന്നാം പ്രതി സുഹൈൽ സജീവ് (19), രണ്ടാം പ്രതി നിനവ് (19), നാലാം പ്രതി അമീർ (19) എന്നിവരും വൈകാതെ തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. അതേസമയം, നാലു പ്രതികളെയും അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വൈകിട്ട് 5 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിട്ടുണ്ട്.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വാധീനശേഷിയുള്ള പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കീഴ്ക്കോടതികൾ ജാമ്യം നിഷേധിച്ചത്. അപകടദിവസം ഉച്ചമുതൽ സുഹൈലും നിനവും രണ്ടു ബാറുകളിൽ സന്ദർശനം നടത്തിയിരുന്നതായി എക്സൈസ് കണ്ടെത്തുകയുണ്ടായി. രാത്രി പതിനൊന്നു മണിയോടെ നിനവിനെ വിളിക്കാനെത്തിയ ജോയലും അമീറും സുഹൈലിനൊപ്പം നെടുമ്പാശ്ശേരിയിലെ ബാറിലുമെത്തി. ഇതിൽ അമീർ ഒഴികെയുള്ള മൂന്നുപേരും മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. തുടർന്ന് സുഹൈലിന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയും മൂന്നുപേരും തൽക്ഷണം മരണപ്പെടുകയും ചെയ്തത്.
പരിശോധനയിൽ സുഹൈലിന്റെ രക്തത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനം 150 മുതൽ 160 കിലോമീറ്റർ വരെ അതിവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും, കാറിലുണ്ടായിരുന്ന ഒരാൾ ഇത് മൊബൈലിൽ ചിത്രീകരിച്ചതാണ് പ്രധാന തെളിവായതെന്നും വ്യക്തമായി. കൂടാതെ, അപകടത്തിന് ശേഷം ജോയൽ ഒരു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ അപകടത്തെക്കുറിച്ചും മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചതിനെക്കുറിച്ചും സംസാരിക്കുന്നത് പോലീസ് വീണ്ടെടുത്തു. ഈ ഗുരുതരമായ തെളിവുകൾ മുൻനിർത്തിയാണ് സെഷൻസ് കോടതി പ്രതികൾക്ക് മുൻപ് ജാമ്യം നിഷേധിച്ചത്.







