ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവർ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്തിന് സമീപം, പസഫിക് സമുദ്രത്തിനടിയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:10-ഓടെ, പോർട്ട് ഹാർഡിയിൽ നിന്നും 193 കിലോമീറ്റർ അകലെ ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ‘എർത്ത്‌ക്വേക്ക്‌സ് കാനഡ’ അറിയിച്ചു.
ബ്രിട്ടിഷ് കൊളംബിയ തീരത്ത്, നോർത്ത് അമേരിക്കൻ പ്ലേറ്റിനടിയിലേക്ക് നീങ്ങുന്ന ‘ജുവാൻ ഡി ഫ്യൂക്ക പ്ലേറ്റി’ (Juan de Fuca plate) ലാണ് ഈ ഭൂചലനം ഉണ്ടായത്. യു.എസ്. സുനാമി മുന്നറിയിപ്പ് സംവിധാനത്തിൽ ഈ ഭൂചലനത്തെക്കുറിച്ച് വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, ആർക്കും ഇത് അനുഭവപ്പെട്ടതായി ‘എർത്ത്‌ക്വേക്ക്‌സ് കാനഡ’യ്ക്ക് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.







