മൺട്രിയോൾ : ക്യുബെക്കിൽ ‘റിമെംബ്രൻസ് ഡേ’ (Remembrance Day) അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത വിമാനം തകർന്ന് വീണു പൈലറ്റ് മരിച്ചതായി ക്യുബെക്ക് പ്രൊവിൻഷ്യൽ പൊലീസ് (SQ) അറിയിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പ്രവിശ്യാ തലസ്ഥാനമായ ക്യുബെക്ക് സിറ്റിക്ക് സമീപം സെൻ്റ്-ജോർജ്ജിന് സമീപമാണ് അപകടം. വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സെൻ്റ്-ജോർജ്ജ് വിമാനത്താവളത്തിന് സമീപമുള്ള വനപ്രദേശത്ത് വിമാനം തകർന്നു വീഴുകയും, തീപിടിക്കുകയും ചെയ്തതായി സിറ്റി അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിനായി പൈലറ്റ് വിമാനത്താവളത്തിലേക്ക് അടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തുതന്നെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽ മറ്റാർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് വിമാനങ്ങൾക്കൊപ്പം പറക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണതെന്ന് ക്യുബെക്ക് പ്രൊവിൻഷ്യൽ പൊലീസ് വക്താവ് ഓഡ്രി-ആൻ ബിലോഡോ അറിയിച്ചു.








