വാഷിങ്ടൺ : അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിലെ അധികാരസമവാക്യങ്ങള്‍ മാറാനിരിക്കെ, ഫെഡറല്‍ കോടതികളിലെ ജഡ്ജി നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള നീക്കവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. ജനുവരിയില്‍ പുതിയ കോണ്‍ഗ്രസ് അധികാരമേല്‍ക്കുന്നതിനു മുമ്പ് സെനറ്റിന്റെ നിലവിലുള്ള അംഗീകാര അധികാരം പ്രയോജനപ്പെടുത്തി കൂടുതല്‍ ജുഡീഷ്യല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
അമേരിക്കയില്‍ ഫെഡറല്‍ ജഡ്ജിമാരെ പ്രസിഡൻ്റ് നാമനിര്‍ദേശം ചെയ്യുകയും സെനറ്റ് അംഗീകരിക്കുകയും വേണം. സുപ്രീം കോടതി, ഫെഡറല്‍ അപ്പീല്‍ കോടതികള്‍, ജില്ലാ കോടതികള്‍ എന്നിവിടങ്ങളിലെ ജഡ്ജിമാരുടെ നിയമനങ്ങളില്‍ ഈ നടപടിക്രമം ബാധകമാണ്. ആജീവനാന്ത കാലാവധിയുള്ള ഈ പദവികളിലേക്കുള്ള നിയമനങ്ങള്‍ ഒരു പ്രസിഡൻ്റിന്റെ ഭരണകാലത്തിനപ്പുറവും രാജ്യത്തിന്റെ നിയമവ്യവസ്ഥയെ സ്വാധീനിക്കും.
പുതിയ സംഭവവികാസങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് അര്‍ക്കന്‍സാസിലെ ഫെഡറല്‍ ജില്ലാ ജഡ്ജി ലീ റുഡോഫ്സ്കിയുടെ (Lee Rudofsky) നാമനിര്‍ദേശം ട്രംപ് പിന്‍വലിച്ചതാണ്. സെൻ്റ് ലൂയിസ് ആസ്ഥാനമായുള്ള എട്ടാം ഫെഡറല്‍ അപ്പീല്‍ കോടതിയിലേക്കാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. എന്നാല്‍ അര്ക്കന്സാസില്നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ ബൂസ്മാനും ടോം കോട്ടണും പിന്തുണ നല്‍കാത്തതിനെത്തുടര്‍ന്ന് നാമനിര്‍ദേശം പിന്‍വലിക്കുകയും പകരം അര്‍ക്കന്‍സാസ് സുപ്രീം കോടതി ജസ്റ്റിസ് ജെ. കോഡി ഹൈലാന്ഡിനെ (J. Cody Hiland) നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.
അര്‍ക്കന്‍സാസ്, അയോവ, മിനസോട, മിസോറി, നെബ്രാസ്ക, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ ഫെഡറല്‍ കേസുകളാണ് എട്ടാം അപ്പീല്‍ കോടതിയുടെ പരിധിയില്‍ വരുന്നത്. പുതിയ നിയമനം പൂര്‍ത്തിയായാല്‍ കോടതിയിലെ സജീവ ജഡ്ജിമാരില്‍ 11 പേരില്‍ പത്തുപേരും റിപ്പബ്ലിക്കന്‍ പ്രസിഡൻ്റുമാര്‍ നിയമിച്ചവരാകും. ഇവരില്‍ ആറുപേരെ ട്രംപ് നിയമിച്ചവരായിരിക്കും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ഉയരുന്ന എതിര്‍പ്പാണ് ഭരണകൂടത്തിന് ഇപ്പോള്‍ പ്രധാന തടസ്സമായി മാറുന്നത്. ഒക്ലഹോമയിലെ ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സക്കറി വെസ്റ്റിന്റെ നിയമനവും പ്രതിസന്ധിയിലായി. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അലന് ആംസ്ട്രോങ് പിന്തുണ പിന്‍വലിച്ചതോടെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയില്‍ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചു. സെനറ്റര്‍ തോം ടില്ലിസും ആംസ്ട്രോങ്ങിന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്.








