കാനഡയിൽ ഏറ്റവും കൂടുതൽ കാലം മേയറായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡിന് ഉടമയായ ഗോർഡ് ക്രാന്‍റസ് പടിയിറങ്ങി. മിൽട്ടൺ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെയാണ് 46 വർഷമായി മിൽട്ടൺ മേയർ സ്ഥാനത്ത് തുടരുന്ന 89 വയസ്റ്റുള്ള ഗോർഡ് ക്രാന്‍റസ് പദവിയിൽ നിന്നും പടിയിറങ്ങിയത്. 1980-ന് ശേഷം ആദ്യമായാണ് മിൽട്ടണിൽ പുതിയ മേയറെ തിരഞ്ഞെടുക്കുന്നത്.
തുടർച്ചയായി 15-ാം തവണയും മേയർ സ്ഥാനത്തേക്ക് മത്സരിച്ച ക്രാന്‍റസ്, 15 വർഷം ടൗൺ കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിൽഫ്രിഡ് ലോറിയർ യൂണിവേഴ്സിറ്റി, കൊണസ്റ്റോഗ കോളേജ് എന്നിവയുടെ സാറ്റലൈറ്റ് ക്യാമ്പസുകൾ നഗരത്തിലെത്തിക്കാൻ സാധിച്ചത് പ്രധാന നേട്ടമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മേയർ പദവി ഒഴിയുന്നുണ്ടെങ്കിലും പൊതുജീവിതത്തിൽ നിന്നും പൂർണ്ണമായി പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രാന്‍റസ് വ്യക്തമാക്കി.







