ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത 544-ലെ വടക്കഞ്ചേരി മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലക്കാട്ടുനിന്ന് തൃശൂരിലേക്ക് പോകുന്ന മൂന്നുവരിപ്പാത പൂർണമായി അടച്ചുകൊണ്ടാണ് നിലവിൽ ജോലികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ ജോയിന്റുകളിലെ ടാറിങ്ങും കോൺക്രീറ്റ് പാളികളും നീക്കം ചെയ്ത് കൂടുതൽ കമ്പികൾ ചേർത്ത് ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിന്റെ ഒരു ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചാണ് പണികൾ മുന്നോട്ടുപോകുന്നത്.
നിർമാണ സമയത്ത് വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടായതാണ് പാലത്തിന്റെ നിലവിലെ അപകടാവസ്ഥയ്ക്ക് കാരണമെന്ന് വടക്കഞ്ചേരി ജനകീയ വേദിയും സംയുക്ത സമരസമിതിയും ആരോപിക്കുന്നു. പാലത്തിന് വിള്ളലുകൾ വീഴുകയും, കോൺക്രീറ്റ് പാളികളും ടാറും അടർന്നു വീഴുകയും, ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം ശക്തമായി കുലുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിന്റെ ബലക്ഷയം സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്തയച്ചിട്ടുണ്ട്. എന്നാൽ, തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും നാടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും ദേശീയപാത അതോറിറ്റി പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. നിർമാണക്കമ്പനിയും ദേശീയപാത അതോറിറ്റിയും പരിശോധനാ ശ്രമങ്ങളെ ബോധപൂർവ്വം തടയുകയാണെന്നും സംഘടനകൾ കുറ്റപ്പെടുത്തുന്നു.
മറ്റൊരു പ്രധാന പ്രശ്നം മേൽപ്പാലം അടച്ചതോടെ സർവീസ് റോഡുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു എന്നതാണ്. വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ടെങ്കിലും വലിയ ടോറസുകളും ഭാരവാഹനങ്ങളും ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നത് കുരുക്ക് കൂടുതൽ വഷളാക്കുന്നുണ്ട്. റോയൽ ജങ്ഷൻ മുതൽ പെട്രോൾ പമ്പ് വരെ നീളുന്ന ഈ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇവിടെ കർശന പൊലീസ് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.







