ഓട്ടവ : ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 0.2% വർധിച്ച് 6.7 ശതമാനത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം തൊഴിൽ വിപണിയിൽ നിന്ന് 4,700 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, അതേസമയം ജോലി അന്വേഷിക്കുന്നവരുടെ എണ്ണം വർധിച്ചുവെന്നും ഫെഡറൽ ഏജൻസി വ്യക്തമാക്കി.
സെപ്റ്റംബർ, ഓഗസ്റ്റ് മാസങ്ങളിലായി ആകെ 1,10,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഒക്ടോബറിലും നേരിയ ഇടിവുണ്ടായത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായി കഴിഞ്ഞ മാസം സ്വകാര്യ മേഖലയിൽ 53,000 തൊഴിലവസരങ്ങൾ കുറഞ്ഞു. അതേസമയം, പൊതുമേഖലയിൽ 50,000 തൊഴിലവസരങ്ങൾ വർധിച്ചു. ഒക്ടോബറിൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം മൊത്ത, ചില്ലറ വ്യാപാര മേഖലയിലാണെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ഈ മേഖലയിൽ കഴിഞ്ഞ ഒരു വർഷമായി തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണെന്നും ഏജൻസി പറയുന്നു. ഒക്ടോബറിൽ മാത്രം 29,000 തൊഴിലവസരങ്ങളാണ് മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ നഷ്ടപ്പെട്ടത്. ഗതാഗതം, വെയർഹൗസിംഗ്, ഭക്ഷണം, താമസസൗകര്യം എന്നീ മേഖലകളിലും കഴിഞ്ഞ മാസം തൊഴിൽ നഷ്ടമുണ്ടായി.
തൊഴിലവസരങ്ങൾ കുറയുകയും കൂടുതൽ യുവാക്കൾ ജോലി അന്വേഷിക്കാൻ തുടങ്ങുകയും ചെയ്തതോടെ, 15 മുതൽ 24 വരെ പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 13.7 ശതമാനമായി ഉയർന്നു. സെപ്റ്റംബറിനെ അപേക്ഷിച്ച് 0.7 ശതമാനം പോയിൻ്റിന്‍റെ വർധനയാണിത്. പഠിക്കുന്ന യുവാക്കളെ അപേക്ഷിച്ച്, പഠിക്കാത്ത യുവാക്കൾക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.







