യുഎസിലെ അലബാമ സംസ്ഥാനത്തെ ബര്‍മിങ്ഹാമില്‍ ഫുട്ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മറ്റ് ഏഴുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബർമിങ്ഹാം പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 7.50-ഓടെ വെസ്റ്റ് ഗ്രേമാന്‍ അവന്യൂവിലെ 400 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി പേരെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഒമ്പത് പേര്‍ക്കാണ് വെടിയേറ്റതെന്നും ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് നിരവധി തോക്കുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ബര്‍മിങ്ഹാമിലെ ലെജിയന്‍ ഫീല്‍ഡിന് സമീപമാണ് വെടിവെപ്പ് നടന്നത്. അലബാമ എ ആന്‍ഡ് എം, അലബാമ സ്റ്റേറ്റ് സര്‍വകലാശാലകള്‍ തമ്മിലുള്ള മാജിക് സിറ്റി ക്ലാസിക് കോളജ് ഫുട്ബോള്‍ മത്സരം ഇവിടെ നടന്നിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് മേധാവി മൈക്കല്‍ പിക്കറ്റ് പറഞ്ഞു.







