ഇല്ലിനോയിയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 156 മില്യണ്‍ ഡോളറിന്‍റെ പുതിയ ഭവനസഹായ പദ്ധതികള്‍ ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ പ്രഖ്യാപിച്ചു. ഇല്ലിനോയ് ഹൗസിങ് ഡെവലപ്‌മെൻ്റ് അതോറിറ്റി വഴിയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. യോഗ്യരായ അപേക്ഷകര്‍ക്ക് വീടിന്‍റെ ഡൗണ്‍ പേയ്‌മെൻ്റിനോ ക്ലോസിങ് ചെലവുകള്‍ക്കോ 9,000 ഡോളര്‍ വരെ സഹായം ലഭിക്കുന്ന ‘ഓപ്പണിങ് ഡോര്‍സ്’ ആണ് പദ്ധതിയുടെ പ്രധാന ആകർഷണം. നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ തുക പിന്നീട് തിരിച്ചടയ്‌ക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മാത്രമല്ല, മറ്റ് യോഗ്യരായ അപേക്ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കൂടാതെ വിദ്യാഭ്യാസ വായ്പയുടെ ബാധ്യത കാരണം വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ‘സ്മാര്‍ട്ട്‌ബൈ’ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ യോഗ്യരായവര്‍ക്ക് വിദ്യാഭാസ വായ്പ അടയ്ക്കാന്‍ 40,000 ഡോളര്‍ വരെ സഹായവും വീട് വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്‌മെൻ്റിനോ ക്ലോസിങ് ചെലവുകള്‍ക്കോ 5,000 ഡോളര്‍ അധിക സഹായവും ലഭ്യമാക്കും.







