അമിതഭാരം കുറയ്ക്കാനായി തരംഗമായി മാറിയ GLP-1 മരുന്നുകൾ സ്ഥിരമായി കഴിക്കാതെ ഇടയ്ക്കിടെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നാൽ ഇത്തരം പ്രവണതകൾ മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
ഹാലിഫാക്സ് സ്വദേശിയായ 32-കാരി ബെവർലി സ്മിത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന് മുന്നോടിയായി ഭാരം കുറയ്ക്കാനാണ് ‘തിർസെപറ്റൈഡ്’ (tirzepatide) എന്ന GLP-1 മരുന്ന് കഴിക്കാൻ തുടങ്ങിയത്. പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം (PMOS) കാരണം വർദ്ധിച്ച ശരീരഭാരം കുറയ്ക്കാൻ മുൻപും ഇത്തരം മരുന്നുകൾ ഇടവിട്ട് കഴിച്ചിട്ടുള്ള ഇവർ, മാർച്ച് മാസത്തിനു ശേഷം 30 പൗണ്ടിലധികം ഭാരം കുറയ്ക്കുകയും ജോയിന്റ് പെയിൻ അടക്കമുള്ള പ്രയാസങ്ങൾക്ക് ആശ്വാസം കണ്ടെത്തുകയും ചെയ്തു. എങ്കിലും, ഒരു ഘട്ടത്തിൽ ഈ മരുന്നുകളുടെ ഉപയോഗം പൂർണ്ണമായി അവസാനിപ്പിക്കാൻ സാധിക്കുമോ എന്നും അത് പെട്ടെന്ന് നിർത്തലാക്കണമോ അതോ അളവ് കുറച്ച് കൊണ്ടുവരണമോ എന്നുമുള്ള സംശയത്തിലാണ് ഇവർ.
ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. കുറഞ്ഞ സമയത്തേക്ക് മാത്രം ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഏറിയതോടെ, ഇതിന്റെ ദീർഘകാല ആഘാതങ്ങളെക്കുറിച്ച് പഠിക്കുകയാണ് ശാസ്ത്രലോകം. പെൻസിൽവാനിയ സർവകലാശാലയിലെ ക്ലിനിഷ്യൻ-സയന്റിസ്റ്റായ ഡോ. തോമസ് ലിയുങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ഈ വിഷയത്തിൽ വിശദമായ പഠനങ്ങൾ നടത്തിവരുന്നു.
മൈക്രോഡോസിംഗും ഡ്രഗ് സൈക്ലിംഗും: പുതിയ പ്രവണതകൾ
ഭക്ഷണം കഴിച്ചതിനുശേഷം ശരീരത്തിൽ പ്രകൃതിദത്തമായി ഉത്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കഗോൺ-ലൈക്ക് പെപ്റ്റൈഡ്-1 (GLP-1) എന്ന ഹോർമോണിനെ അനുകരിച്ചാണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നത്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, വിശപ്പ് കുറയ്ക്കുകയും, ആമാശയത്തിൽ നിന്ന് ഭക്ഷണം ദഹിച്ചു പോകുന്നത് സാവധാനത്തിലാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, അടുത്ത കാലത്താണ് അമിതവണ്ണം കുറയ്ക്കാനുള്ള കുറുക്കുവഴിയായി ഇത് ജനപ്രിയമായത്. ഡോക്ടർമാരുടെ കൃത്യമായ മേൽനോട്ടമില്ലാതെ ഓൺ ലൈൻ ഫാർമസികൾ വഴിയും മറ്റും ഇവ വാങ്ങി ഉപയോഗിക്കുന്ന രീതി വ്യാപകമാണ്. ബോഡിബിൽഡർമാർ, ആർത്തവവിരാമത്തോട് അനുബന്ധിച്ച് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, വിവാഹത്തിന് മുന്നോടിയായി തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ എന്നിവരെയെല്ലാം ‘മൈക്രോഡോസിംഗ്’ (കുറഞ്ഞ അളവിൽ കഴിക്കുക), ‘ഡ്രഗ് സൈക്ലിംഗ്’ (ഇടവിട്ട് കഴിക്കുക) തുടങ്ങിയ രീതികൾ പിന്തുടരുന്നവരായി സോഷ്യൽ മീഡിയയിൽ കാണാം. ഡെൻമാർക്കിൽ നിന്നുള്ള ഒരു പഠനമനുസരിച്ച്, സെമാഗ്ലൂറ്റൈഡ് ഉപയോഗിക്കുന്ന പകുതിയോളം മുതിർന്ന ആളുകളും 12 മാസത്തിനുള്ളിൽ മരുന്ന് കഴിക്കുന്നത് നിർത്തുന്നുണ്ട്.
ഇടയ്ക്കിടെ മരുന്ന് നിർത്തുന്നത് ഭാരം കുറയ്ക്കാനുള്ള ശേഷി കുറയ്ക്കും
പെട്ടെന്ന് മരുന്ന് കഴിക്കുകയും പിന്നീട് നിർത്തുകയും ചെയ്യുന്ന രീതി ഈ മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നാണ് എലികളിൽ നടത്തിയ പഠനത്തിൽ ഡോ. തോമസ് ലിയുങ്ങും സംഘവും കണ്ടെത്തിയത്. രണ്ട് ആഴ്ച കൂടുമ്പോൾ മരുന്ന് നൽകുകയും നിർത്തുകയും ചെയ്ത എലികളിൽ, തുടർച്ചയായി മരുന്ന് ലഭിച്ച എലികളെ അപേക്ഷിച്ച് ഭാരം കുറയുന്നത് വളരെ കുറവായിരുന്നു. പഠനത്തിന്റെ അവസാന ഘട്ടത്തിൽ രണ്ട് മാസം തുടർച്ചയായി മരുന്ന് നൽകിയിട്ടും, ഇടവിട്ട് മരുന്ന് ലഭിച്ച എലികൾക്ക് 20 ശതമാനം കൂടുതൽ ഭാരമുണ്ടായിരുന്നു.
മരുന്ന് സ്വയം നിർത്തുന്നത് അപകടകരം
ഓൺ-ലേബൽ അല്ലാതെ, സോഷ്യൽ മീഡിയ ട്രെൻഡുകൾ കണ്ട് താൽക്കാലികമായി ഈ മരുന്നുകൾ കഴിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഒന്റാറിയോയിലെ വാർട്ടൺ മെഡിക്കൽ ക്ലിനിക്കിലെ ഡോ. ഷോൺ വാർഫീൽഡ് മുന്നറിയിപ്പ് നൽകുന്നു. അമിതവണ്ണവും അതോടൊപ്പം ഉണ്ടാകുന്ന ഹൃദ്രോഗം, സ്ലീപ് അപ്നിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ ദീർഘകാല ചികിത്സയായി നൽകേണ്ട മരുന്നുകൾ താൽക്കാലികമായി ഉപയോഗിച്ച് നിർത്തുമ്പോൾ, കുറഞ്ഞ രക്തസമ്മർദ്ദവും ഭാരവുമെല്ലാം പഴയപടി തിരികെ വരാൻ സാധ്യതയേറെയാണ്.
മരുന്ന് നിർത്തേണ്ട ശരിയായ രീതി ഏതാണ്?
GLP-1 മരുന്നുകളുടെ ഗവേഷണത്തിൽ പ്രമുഖനായ ടൊറന്റോയിലെ ഡോ. ഡാനിയൽ ഡ്രക്കറും സഹപ്രവർത്തകരും മരുന്നുകൾ പെട്ടെന്ന് നിർത്തുന്നതാണോ അതോ പതുക്കെ അളവ് കുറച്ച് (tapering) നിർത്തുന്നതാണോ സുരക്ഷിതം എന്ന് കണ്ടെത്താനുള്ള ട്രയലുകൾ നടത്തിവരികയാണ്.
പ്രമേഹവും അമിതവണ്ണവും പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് ദീർഘകാല ചികിത്സ ആവശ്യമാണ്. ബിപി, കൊളസ്ട്രോൾ, മുടികൊഴിച്ചിൽ എന്നിവയ്ക്കുള്ള മരുന്നുകൾ നിർത്തുമ്പോൾ പ്രശ്നങ്ങൾ വീണ്ടും വരുന്നത് പോലെ തന്നെയാണ് GLP-1 മരുന്നുകളുടെ കാര്യവും. മരുന്ന് കഴിക്കുന്നത് നിർത്തിയാൽ പ്രയോജനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോ. ഡ്രക്കർ വ്യക്തമാക്കുന്നു.
കൂടാതെ, അനാവശ്യമായി ഇത്തരം മരുന്നുകൾ ചുരുങ്ങിയ കാലയളവിലേക്ക് കഴിക്കുന്നത് വയറുവേദന, പാൻക്രിയാറ്റൈറ്റിസ്, കാഴ്ച മങ്ങൽ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് വഴിവെച്ചേക്കാമെന്നും, കൃത്യമായ നിരീക്ഷണം കൂടാതെ രണ്ട് ആഴ്ചത്തെ ആവശ്യങ്ങൾക്കായി മാത്രം മരുന്ന് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഡോ. കരോലിൻ ക്രാമർ മുന്നറിയിപ്പ് നൽകുന്നു.







