ബ്രാംപ്ടണിൽ കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കുകയും വീടുകയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. ബ്രാംപ്ടൺ സ്വദേശി ലവ്പ്രീത് മാൻ (27)നെയാണ് സംഭവത്തിൽ പീൽ റീജനൽ പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 6 ഞായറാഴ്ച രാത്രി 10 മണിയോടെ ക്ലോക്ക്വർക്ക് ഡ്രൈവ്-ക്രഡിറ്റ്വ്യൂ റോഡ് മേഖലയിലാണ് സംഭവം. വഴിയിൽ നിർത്തിയിട്ടിരുന്ന കാർ ലവ്പ്രീത് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ മോഷണശ്രമം തടയാൻ ശ്രമിച്ചെങ്കിലും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ പ്രാദേശിക ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം തൊട്ടടുത്തുള്ള ഒരു വീടിന്റെ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന പ്രതി, വീട്ടുകാരോട് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ശ്രമം വിഫലമായതോടെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടർന്ന് ലവ്പ്രീത് മാൻ പ്രദേശത്തെ മറ്റ് രണ്ടിടങ്ങളിൽ കൂടി കാറുകൾ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ബ്രാംപ്ടണിലെ വീട്ടിൽ നിന്നും ലവ്പ്രീത് മാനിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.







