അമേരിക്കൻ ഐക്യനാടുകളിലെ മലയാളികളുടെ വലിയ കൂട്ടായ്മയായ ‘മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്’ (MANTRAH) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കൺവെൻഷനാണ് ‘ശാക്തേയം 2027’. ഈ മഹാസമ്മേളനത്തിന്റെ വെൽക്കം കമ്മിറ്റി ചെയർമാനായി ധന്യ ദീപു ചുമതലയേറ്റതോടുകൂടി പരിപാടിയുടെ ഒരുക്കങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോവുകയാണ്.
2027 ജൂലൈ 2 മുതൽ 5 വരെ കനക്ടിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ‘ഡബിൾ ട്രീ ബൈ ഹിൽട്ടൺ’ (DoubleTree by Hilton) ഹോട്ടലിലാണ് കൺവെൻഷൻ അരങ്ങേറുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആത്മീയചാര്യന്മാർ, കലാകാരന്മാർ, സാംസ്കാരിക പ്രമുഖർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ സജീവ പങ്കാളിത്തം ഈ കൺവെൻഷന്റെ മുഖ്യ ആകർഷണമായിരിക്കും.
കൺവെൻഷന്റെ വിജയത്തിനായി വിവിധ മേഖലകളിൽ പരിചയസമ്പത്തും പ്രവർത്തനമികവുമുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് മാൻട്രയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്. ‘ധർമ്മം, സംസ്കാരം, ഐക്യം, സമൂഹബന്ധം’ എന്നീ ഉദാത്തമായ ആശയങ്ങൾ ഒരേകുടക്കീഴിൽ അണിനിരത്തിക്കൊണ്ട് പ്രവാസലോകത്തെ മലയാളികൾക്കായി ഒരുക്കുന്ന സവിശേഷമായ ഒരു സാംസ്കാരിക മാമാങ്കമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിലുള്ള പ്രാരംഭ പ്രവർത്തനങ്ങളും പ്രചാരണങ്ങളും ഇതിനോടകം തന്നെ സജീവമായിക്കഴിഞ്ഞിട്ടുണ്ട്. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിക്കുന്നു.







