ആപ്പിളിന്റെ അടുത്ത പ്രധാന ഐഫോൺ ഇവന്റ് സെപ്റ്റംബർ 9ന് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം രാത്രി 10.30-നാണ് ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ആപ്പിൾ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ വലിയ ഐഫോൺ ലോഞ്ച് കൂടിയാണിത്.
ഈ വർഷത്തെ പതിവ് ലോഞ്ച് പ്ലാനുകളിൽ ആപ്പിൾ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ സെപ്റ്റംബറിൽ തന്നെ എത്തുമ്പോൾ, സാധാരണ ഐഫോൺ 18ന്റെ റിലീസ് 2027 ലേക്ക് മാറ്റിയേക്കാനാണ് സാധ്യത.
വിലയോ ഔദ്യോഗിക സവിശേഷതകളോ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉയർന്ന ഘടകച്ചെലവും കൂടുതൽ ക്യാമറ അപ്ഗ്രേഡുകളും കാരണം ഐഫോൺ 18 പ്രോ സീരീസിന് മുൻ മോഡലുകളെ അപേക്ഷിച്ച് വിലകൂടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് ഏകദേശം 1.34 ലക്ഷം രൂപ മുതലായിരിക്കാം പ്രാരംഭ വില. ഫൈനൽ കോൺഫിഗറേഷനെ ആശ്രയിച്ച് ഐഫോൺ 18 പ്രോ മാക്സിന് ഏകദേശം 1.55 ലക്ഷം മുതൽ 1.70 ലക്ഷം രൂപ വരെ വില വന്നേക്കാം.
ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണിന് ഇതിലും വളരെ വിലകൂടാനാണ് സാധ്യത. 2,000 മുതൽ 2,500 ഡോളർ വരെയാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യയിൽ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും വില വരുക. ഇവയെല്ലാം നിലവിലുള്ള അനൗദ്യോഗിക റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ മാത്രമാണെന്നും, പുതിയ മോഡലുകളുടെ ക്യാമറ അപ്ഗ്രേഡുകൾ, ഡിസ്പ്ലേ മാറ്റങ്ങൾ എന്നിവയ്ക്കായി ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







