ഹാരിസ് കൗണ്ടി യൂണിവേഴ്സൽ സർവീസസിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറും (CIO) എക്സിക്യൂട്ടീവ് ഡയറക്ടറുമായ മലയാളി സിന്ധു മേനോൻ 2026-ലെ വിശിഷ്ടമായ ‘സിഐഒ 100’ പുരസ്കാരത്തിന് അർഹയായി. ഐടി സ്വകാര്യ മേഖലയിൽ പ്രവർത്തനം ആരംഭിച്ച സിന്ധു, കാനഡയിലെ ഒന്റാറിയോ സർക്കാരിൽ എന്റർപ്രൈസ് ആർക്കിടെക്റ്റായാണ് പൊതുമേഖലയിലേക്ക് കടന്നുവരുന്നത്. ഹാരിസ് കൗണ്ടിയിലെത്തുന്നതിന് മുന്നോടിയായി നോർത്ത് കരോലിനയിലെ റാലി, ടെക്സസിലെ കോളേജ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സിഐഒ ആയും, ഹൂസ്റ്റൺ നഗരത്തിൽ ഇആർപി അസിസ്റ്റന്റ് ഡയറക്ടറായും എന്റർപ്രൈസ് ഡാറ്റ ഓഫീസറായും അവർ മികവ തെളിയിച്ചു. ധനകാര്യം, നിർമ്മാണം, ഇൻഷുറൻസ്, പൊതുമേഖല തുടങ്ങിയ വിവിധ മേഖലകളിൽ സാങ്കേതിക ടീമുകളെ നയിച്ച പ്രവൃത്തിപരിചയവും അവർക്കുണ്ട്.
വിദ്യാഭ്യാസ രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച സിന്ധു ഗണിതശാസ്ത്രത്തിൽ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ ഡാളസ് ടെക്സസ് സർവകലാശാലയിൽ നിന്ന് എംബിഎയും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പബ്ലിക് ലീഡർഷിപ്പ് ക്രെഡൻഷ്യലുകളും സ്വന്തമാക്കിയ അവർ നിലവിൽ പിഎച്ച്ഡി ചെയ്യുകയാണ്. സർട്ടിഫൈഡ് ഗവൺമെന്റ് സിഐഒ കൂടിയായ ഇവർ 2025-ലെ ഓർബി അവാർഡ്, 2024-ലെ എച്ച്എംജി ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്, ഐഎസിസിജിഎച്ച് പ്രൊഫഷണൽ ഓഫ് ദി ഇയർ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. സൈബർ സുരക്ഷ, തന്ത്രപരമായ ദീർഘകാല ആസൂത്രണം, നിർമ്മാണം, ഊർജ്ജ മേഖല എന്നിവയിലെ സമാനതകളില്ലാത്ത കഴിവാണ് അവരെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്.
തനിക്ക് ലഭിച്ച ഈ മികച്ച അംഗീകാരം തന്നോടൊപ്പം പ്രവർത്തിക്കുന്ന ഐടി ടീമിന് സമർപ്പിക്കുന്നതായി സിന്ധു മേനോൻ വ്യക്തമാക്കി. കഠിനാധ്വാനത്തിലൂടെ സാങ്കേതിക മുന്നേറ്റത്തിന്റെ പുതിയ അതിരുകൾ കീഴടക്കാനാണ് തങ്ങളുടെ ടീം ശ്രമിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. മികച്ച പിന്തുണയും പങ്കാളിത്തവും നൽകിയ ഹാരിസ് കൗണ്ടി കമ്മീഷണേഴ്സ് കോടതിക്കും കൗണ്ടിയിലെ മുതിർന്ന നേതൃത്വത്തിനും അവർ തന്റെ നന്ദി രേഖപ്പെടുത്തി.







