രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗൻയാന്റെ ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം (ജി1) ഈ വർഷം ഡിസംബറിനകം പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. മൂന്ന് മാസത്തിനകം അടുത്ത പിഎസ്എൽവി വിക്ഷേപണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മനോരമ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ബഹിരാകാശ ഏജൻസിയുടെ ഭാവി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.
തൊട്ടടുത്ത രണ്ട് പിഎസ്എൽവി ദൗത്യങ്ങൾ പരാജയപ്പെട്ടത് സൃഷ്ടിച്ച സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഐഎസ്ആർഒ തിരിച്ചുവരവിന് ഒരുങ്ങുന്നത്. റോക്കറ്റിന്റെ അപ്പർ സ്റ്റേജിലുണ്ടായ സാങ്കേതിക തകരാറുകളാണ് പരാജയത്തിന് കാരണമായതെന്ന് ഡോ. വി. നാരായണൻ വ്യക്തമാക്കി. എല്ലാ വീഴ്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിച്ചതായും ആവശ്യമായ ഗ്രൗണ്ട് ടെസ്റ്റുകൾ പൂർത്തിയാക്കി രണ്ടു മുതൽ മൂന്ന് മാസത്തിനുള്ളിൽ അടുത്ത വിക്ഷേപണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് ജിഎസ്എൽവി എഫ്-17 കൈവരിച്ച വിജയം സംഘടനയുടെ മികച്ച കൂട്ടായ്മയുടെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്എൽവിയുടെ വിക്ഷേപണ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ 2,369 കിലോഗ്രാം ഉപഗ്രഹമാണ് ഇത്തവണ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ലോകത്ത് വളരെ കുറച്ചു രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരം സങ്കീർണ്ണമായ ഭ്രമണപഥത്തിലേക്ക് ഭാരമേറിയ ഉപഗ്രഹങ്ങൾ എത്തിക്കാനുള്ള ശേഷിയുള്ളത്.
വരുന്ന മാസങ്ങളിൽ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03 വിക്ഷേപിക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ ആകെ 6 പ്രധാന ദൗത്യങ്ങളാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.
ഹ്യൂമൻ റേറ്റഡ് എൽവിഎം 3 (എച്ച്എൽവിഎം 3) റോക്കറ്റിലാണ് ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക. വിക്ഷേപണത്തിനാവശ്യമായ റോക്കറ്റ് ഘടകങ്ങളെല്ലാം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിച്ചേർന്നിട്ടുണ്ട്. റോക്കറ്റിന്റെ മുകൾഭാഗത്ത് ഘടിപ്പിക്കുന്ന ഓർബിറ്റൽ മൊഡ്യൂളും അതിനുള്ളിലെ ക്രൂ മൊഡ്യൂളും കൂട്ടിച്ചേർക്കുന്ന ജോലികളും അവസാനവട്ട തയാറെടുപ്പുകളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വീഴ്ചകളിൽ തള്ളിപ്പറഞ്ഞവർക്ക് മുന്നിൽ വമ്പൻ വിജയങ്ങളോടെ വീണ്ടും സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ.







