തൊടുപുഴ: അപൂർവ്വ സസ്യമായ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുക്കാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. കുറ്റകരമായ ഈ പ്രവൃത്തിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് മൂന്നാർ ഡിവിഷനിലെ വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടതും അന്വേഷണം ആരംഭിച്ചതും.
കുട്ടിയാർ സ്വദേശിയായ യുവാവാണ് കേസിലെ പ്രതിയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നിയമപരമായി അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യവിഭാഗത്തിൽപ്പെടുന്ന നീലക്കുറിഞ്ഞിയുടെ പൂക്കൾ പറിക്കുന്നതോ, ചെടികൾക്ക് കേടുപാടുകൾ വരുത്തുന്നതോ ശിക്ഷാർഹമായ കുറ്റമാണ്. മൂന്നാർ റേഞ്ച് ഓഫീസർ എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് നിലവിൽ കേസിന്റെ അന്വേഷണം നടത്തിവരുന്നത്.







