വാഷിംഗ്ടൺ : ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിന് ഫെഡറല്‍ കോടതിയുടെ തിരിച്ചടി. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമപരമായി ചോദ്യം ചെയ്ത് ഒരു സംഘം നല്കിയ ഹര്‍ജിയിൽ വാഷിങ്ടണ്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പർ ഇടക്കാല നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. അമേരിക്കന്‍ ഭരണഘടനയിലെ പൗരത്വ വ്യവസ്ഥ പ്രകാരം രാജ്യത്ത് ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ വിധിയിൽ വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വത്തിന് പുതിയ ഒഴിവുകള്‍ സൃഷ്ടിക്കാന്‍ പ്രസിഡൻ്റിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുപ്രീംകോടതി ട്രംപിന്റെ ആദ്യ ഉത്തരവ് തടഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി ഇടക്കാല നിരോധനം അനുവദിച്ച കോടതി, സമാന സാഹചര്യത്തിലുള്ളവരെ ഉള്‍പ്പെടുത്തി കൂട്ടായ ഹര്‍ജിയായും കേസ് പരിഗണിക്കാന്‍ അനുമതി നല്കി.
രണ്ടാം തവണയും അധികാരത്തിലെത്തി ആദ്യദിവസം തന്നെ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കാന്‍ ട്രംപ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നീക്കം സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഓഗസ്റ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്ക്കും പൗരത്വം നല്കുന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയായിരുന്നു ലക്ഷ്യം. ‘ബര്‍ത്ത് ടൂറിസം’ എന്നറിയപ്പെടുന്ന പ്രസവത്തിനായി വിദേശികള്‍ അമേരിക്കയിലെത്തുന്ന പ്രവണത തടയണമെന്നും ഭരണകൂടം വാദിച്ചിരുന്നു.
വിദേശ സര്‍ക്കാരുകള്‍ക്കോ മറ്റ് സംഘടനകള്‍ക്കോ വേണ്ടി ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൗരത്വം നിഷേധിക്കുന്ന തരത്തിലായിരുന്നു പുതിയ ഉത്തരവ്. നയതന്ത്ര പരിരക്ഷയില്ലാത്ത വിദേശ ഉദ്യോഗസ്ഥരുടെ മക്കളെയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉത്തരവ് നടപ്പാക്കിയാല്‍ തങ്ങളുടെ കുട്ടികളുടെ പൗരത്വം നിയമവിരുദ്ധമായി നിഷേധിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം കോടതിയെ സമീപിച്ചത്.








