വാഷിങ്ടൺ : താങ്ക്സ്ഗിവിങ് അവധിക്കാല യാത്രകൾക്കായി തയ്യാറെടുക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാർക്ക് കനത്ത തിരിച്ചടിയായി രാജ്യത്തുടനീളം പ്രതികൂല കാലാവസ്ഥ തുടരുന്നു. അവധി ആഘോഷങ്ങൾക്കായി കുടുംബാംഗങ്ങൾക്കടുത്തേക്ക് യാത്ര തിരിക്കുന്നവർ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകളും വിമാന സർവീസുകളുടെ സമയക്രമവും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും, മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അടിയന്തര സുരക്ഷാ സാമഗ്രികൾ കരുതണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കിഴക്കൻ തീരപ്രദേശങ്ങളിൽ അതിശക്തമായ തീരദേശ കൊടുങ്കാറ്റ് രൂപപ്പെടുന്നതോടൊപ്പം മിഡ്‌വെസ്റ്റ്, പസഫിക് നോർത്ത്‌വെസ്റ്റ് മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NWS) മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, ഇടിമിന്നലോട് കൂടിയ മഴ, മഞ്ഞുവീഴ്ച എന്നിവ കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ കിഴക്കൻ തീരത്തെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വാരാന്ത്യത്തിൽ പടിഞ്ഞാറൻ അമേരിക്കയിൽ വീണ്ടും ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
തെക്കുകിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ജോർജിയ, നോർത്ത് കാരൊലൈന, സൗത്ത് കാരൊലൈന, വെർജീനിയ, മേരിലാൻഡ്, ഡെലവെയർ, പെൻസിൽവേനിയ, ന്യൂജഴ്സി, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം.
ന്യൂജഴ്സിയിലെ മൗണ്ട് ഹോളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 മൈൽ വരെ വേഗത്തിൽ കാറ്റ് വീശാനും മരങ്ങൾ കടപുഴകി വീഴാനും വ്യാപകമായ വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്. ന്യൂയോർക്ക് നഗരത്തിലും ലോങ് ഐലൻഡിലും വേലിയേറ്റ സമയത്ത് ശക്തമായ തീരദേശ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ വിമാന സർവീസുകളെയും പ്രാദേശിക ഗതാഗതത്തെയും സാരമായി ബാധിച്ചേക്കാം.
മിഡ്‌വെസ്റ്റിൽ മഞ്ഞുവീഴ്ച, ഫ്ലോറിഡയിൽ ഇടിമിന്നൽ മിസോറി, ഇല്ലിനോയ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ‘വിന്‍റർ സ്റ്റോം വാണിങ്’ പ്രഖ്യാപിച്ചു. സെൻ്റ് ലൂയിസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൂന്ന് മുതൽ ഒൻപത് ഇഞ്ച് വരെയും, ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ഒരടിയിലധികവും മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. അതേസമയം, തെക്കൻ ഫ്ലോറിഡയിൽ ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും ഒറ്റപ്പെട്ട ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരത്ത് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ബേ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ മൂലം വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുമ്പോൾ, വാഷിങ്ടൺ, ഓറിഗൻ സംസ്ഥാനങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും തുടരുകയാണ്.








