ന്യൂഡൽഹി: സ്ത്രീവേഷത്തിൽ എത്തി ഒറ്റയ്ക്ക് വാഹനമോടിക്കുന്നവരെ കൊള്ളയടിക്കുന്ന സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തിരക്കൊഴിഞ്ഞ പാതകളിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന വാഹനങ്ങളാണ് ഇവർ ലക്ഷ്യമിടുന്നത്. സ്ത്രീയുടെ വേഷം ധരിച്ചെത്തുന്ന യുവാവ് വഴിയരികിൽ നിന്ന് സഹായം ചോദിച്ച് വാഹനങ്ങൾ കൈകാണിച്ച് നിർത്തും. ഡ്രൈവർ വാഹനം നിർത്തുന്നതോടെ മറഞ്ഞിരിക്കുന്ന കൂട്ടാളികൾ എത്തി ആക്രമിക്കുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി.
ഉസ്മാൻപൂർ, ശാസ്ത്രി പാർക്ക് എന്നിവിടങ്ങളിൽ പുലർച്ചെ സമയങ്ങളിൽ സമാനമായ മോഷണങ്ങൾ ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ മോനു (28), സാഗർ ശർമ (26) എന്നിവർ പിടിയിലായി. സ്ത്രീവേഷം കെട്ടി ആളൊഴിഞ്ഞ റോഡുകളിൽ നിൽക്കുകയും വാഹനങ്ങൾ തടഞ്ഞുനിർത്തുകയും ചെയ്തിരുന്നത് മോനുവാണെന്ന് പൊലീസ് കണ്ടെത്തി.
നവംബർ 18-ന് പുലർച്ചെ 4.05-ഓടെ അശോക് വിഹാറിലേക്ക് പ്ലൈവുഡ് കയറ്റിപ്പോയ വാഹനത്തിന്റെ ഡ്രൈവറും ഈ തട്ടിപ്പിന് ഇരയായിരുന്നു. അദ്ദേഹത്തിന്റെ ഫോണും 2,500 രൂപയുമാണ് സംഘം തട്ടിയെടുത്തത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഈ സംഘത്തിൽ മറ്റ് അംഗങ്ങളും ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.








