ഓട്ടവ : ജനസംഖ്യാ വർധനവിന് ആനുപാതികമായി ആശുപത്രികളിലെ സൗകര്യങ്ങൾ നികത്താത്തതോടെ കാനഡയിലെ അത്യാഹിത വിഭാഗങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലായതായി ആരോഗ്യ വിദഗ്ധർ. 15 മിനിറ്റിനുള്ളിൽ ചികിത്സ ലഭിക്കേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും 13 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്ന ദയനീയ സാഹചര്യമാണ് കാനഡയിലെ പല നഗരങ്ങളും നിലനിൽക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത്യാഹിത വിഭാഗങ്ങളിലെ ഈ അമിത തിരക്ക് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കണമെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് എമർജൻസി ഫിസിഷ്യൻസ് ആവശ്യപ്പെട്ടു.
ജനസംഖ്യാ വർധനവിന് ആനുപാതികമായി ആശുപത്രി കിടക്കകളുടെ എണ്ണം വർധിപ്പിക്കാത്തതും നിലവിലുണ്ടായിരുന്നവ വെട്ടിക്കുറച്ചതുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1985-നും 2023-നും ഇടയിൽ കാനഡയുടെ ജനസംഖ്യ 53% വർധിച്ചപ്പോൾ, ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ 43 ശതമാനത്തിൻ്റെ കുറവാണുണ്ടായത്. ഇതിനുപുറമെ, പ്രായമായ രോഗികളെ ആശുപത്രികളിൽ നിന്ന് മാറ്റുന്നതിനുള്ള ലോങ് ടേം കെയർ ഹോമുകളുടെ അപര്യാപ്തതയും ആശുപത്രികളിലെ തിരക്ക് വർധിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് ദശകത്തിനിടയിൽ 65 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ 92 ശതമാനവും 75 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 80 ശതമാനവും വർധിച്ചതോടെ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നു. 2023-നും 2025-നും ഇടയിൽ 20 ലക്ഷത്തിലധികം ആളുകൾ പുതുതായി ജനസംഖ്യയോട് കൂട്ടിച്ചേർക്കപ്പെട്ടെങ്കിലും അതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ പ്രവിശ്യാ-ഫെഡറൽ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. ആവശ്യമായ നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയമിച്ചാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂ.








