ലൊസാഞ്ചലസ് : പ്രശസ്ത ഹോളിവുഡ് സിനിമ-ടെലിവിഷൻ താരം ലാറി പോയിൻഡെക്സ്റ്റർ (Larry Poindexter – 66) അന്തരിച്ചു. ലൊസാഞ്ചലസിലെ സ്റ്റുഡിയോ സിറ്റിയിൽ ഭക്ഷണം വാങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. അപകടത്തിൽ വാരിയെല്ലുകൾക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് മുൻപ് ബുധനാഴ്ച (നവംബർ 18) അന്ത്യം സംഭവിക്കുകയായിരുന്നു.
ഡാലസിൽ ജനിച്ച പോയിൻഡെക്സ്റ്റർ നാല് പതിറ്റാണ്ടോളം സിനിമ-സീരിയൽ രംഗത്ത് സജീവമായിരുന്നു. 2003-ൽ പുറത്തിറങ്ങിയ പ്രശസ്ത ആക്ഷൻ ചിത്രം ‘സ്വാറ്റ്’ (S.W.A.T.)-ലെ ക്യാപ്റ്റൻ തോമസ് ഫുള്ളർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ‘ഡേയ്സ് ഓഫ് അവർ ലൈവ്സ്’ (Days of Our Lives), ‘ജാഗ്’ (JAG), ‘ഫ്രണ്ട്സ്’ (Friends), ‘എൻ.സി.ഐ.എസ്’ (NCIS), ‘അമേരിക്കൻ നിൻജ 2’ തുടങ്ങിയ നിരവധി ജനപ്രിയ പരമ്പരകളിലും സിനിമകളിലും അദ്ദേഹം വേഷമിട്ടു.
അഭിനയത്തിന് പുറമെ സംഗീത, നാടക രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1990-കളിൽ ‘ദി ഹൈ ലോൺസം’ (The High Lonesome) എന്ന മ്യൂസിക് ബാൻഡിന്റെ പ്രധാന ഗായകനായിരുന്ന അദ്ദേഹം, ബ്രോഡ്വേ നാടകമായ ‘ദി ഷെർ ഷോ’യുടെ നിർമ്മാതാക്കളിൽ ഒരാളുമായിരുന്നു. കാസ്റ്റിങ് ഡയറക്ടർ കരോൾ ക്രിറ്റ്സറാണ് ഭാര്യ. ഇരട്ട ആൺമക്കളുണ്ട്.








