ടൊറൻ്റോ : നഗരത്തിലും ഗോൾഡൻ ഹോഴ്‌സ്‌ഷൂവിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഒൻ്റാരിയോ തടാകത്തിന് സമീപമുള്ള പ്രദേശങ്ങളിൽ വീണ്ടും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഈ മൂടൽമഞ്ഞ് നീങ്ങിപ്പോകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മൂടൽമഞ്ഞിൽ പെട്ടെന്ന് കാഴ്ചാപരിധി കുറയുന്നത് അപകടങ്ങൾക്ക് കാരണമാകും. യാത്രക്ക് ഒരുങ്ങുന്നവർ കാഴ്ചാപരിധി കുറയുന്ന സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ശനിയാഴ്ച പുറപ്പെടുവിക്കുന്ന രണ്ടാമത്തെ മൂടൽമഞ്ഞ് മുന്നറിയിപ്പാണിത്. ശനിയാഴ്ച രാവിലെ ടൊറൻ്റോയിലും ജി.ടി.എയുടെ (GTA) ചില ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് വ്യാപിച്ചിരുന്നു.
ഞായറാഴ്ച ടൊറൻ്റോ നഗരമധ്യത്തിൽ നടക്കുന്ന 122-ാമത് ‘ഒറിജിനൽ സാന്താക്ലോസ് പരേഡി’ൽ പങ്കെടുക്കുന്നവർക്ക്, തെളിഞ്ഞ കാലാവസ്ഥയും പരമാവധി 14 ഡിഗ്രി സെൽഷ്യസ് താപനിലയും പ്രതീക്ഷിക്കാം. രാത്രിയിൽ മഴ പെയ്യാൻ 30 ശതമാനം സാധ്യതയുണ്ട്. ആഴ്ചയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയും മേഘാവൃതമായ അന്തരീക്ഷവും മാറിമാറി വരാം; കൂടാതെ മഴ പെയ്യാൻ 30 ശതമാനം സാധ്യതയുമുണ്ട്. പകൽ സമയത്തെ ഉയർന്ന താപനില 8 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. തിങ്കളാഴ്ച രാത്രി നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.








