കാൽഗറി : ആൽബർട്ടയിലേക്ക് പുതിയതായി കുടിയേറുന്നവരിൽ ഭൂരിഭാഗവും പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടു നഗരങ്ങളിലേക്കാണ് കൂടുതലായി എത്തിച്ചേരുന്നതെന്ന് പുതിയ റിപ്പോർട്ട്. തലസ്ഥാന നഗരമായ എഡ്മിന്‍റനിലെ പുതിയ കുടിയേറ്റക്കാരുടെ അനുപാതത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും, കാൽഗറിയിൽ സ്ഥിരതാമസമാക്കുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാൽഗറി മേഖലയിൽ എത്തുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണം 2.6% വർധിച്ച്, 2024/2025-ൽ 49 ശതമാനത്തിലെത്തി. എന്നാൽ എഡ്മിന്‍റനിൽ എത്തുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണം 37.2 ശതമാനമായി മാറ്റമില്ലാതെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു.
എന്നാൽ, കാനഡയിലെ ഏറ്റവും വലിയ മൂന്ന് നഗരങ്ങളായ ടൊറൻ്റോ, വൻകൂവർ, മോൺട്രിയൽ എന്നിവിടങ്ങളിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കുടിയേറ്റക്കാരുടെ ഒഴുക്ക് ഇപ്പോൾ അതേ പ്രവിശ്യകളിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ഫെഡറൽ ഏജൻസി വ്യക്തമാക്കുന്നു.
കാനഡയിലെ ജനസംഖ്യാ വളർച്ചയുടെ പ്രധാന കാരണം കുടിയേറ്റമാണെന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങളിലുണ്ടാകുന്ന ഈ മാറ്റം, പ്രാദേശിക ജനസംഖ്യാ വളർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത, സേവനങ്ങളുടെ ലഭ്യത, പ്രാദേശിക തൊഴിൽ വിപണികൾ എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഏജൻസി വ്യക്തമാക്കി.








