ഓട്ടവ : മൈക്രോസോഫ്റ്റിന്‍റെ വിവിധ സേവനങ്ങളില്‍ വ്യാപക തടസ്സം നേരിട്ടത് കാനഡയിൽ ആശുപത്രികൾ, സർവകലാശാലകൾ, വിയ റെയിൽ സർവീസ് എന്നിവയെ ബാധിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കാനഡയിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടത്. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് (Microsoft Outlook) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 150,000 പരാതികൾ ലഭിച്ചതായി ഡൗൺഡിറ്റക്റ്റർ അറിയിച്ചു. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിന് പുറമെ വേഡ്, എക്സൽ, Teams, വൺഡ്രൈവ് തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ സ്യൂട്ടായ കോപൈലറ്റ്, മൈക്രോസോഫ്റ്റ് 365 എന്നിവയിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ അമിതമായ ലോഡ് അനുഭവപ്പെടുന്നതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശ്നം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
കാനഡയിൽ ആശുപത്രികൾ, സർവകലാശാലകൾ, വിയ റെയിൽ സർവീസ് എന്നിവയെ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സം ബാധിച്ചിട്ടുണ്ട്. ഇമെയിലുകൾ അയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നതായി സെൻ്റ് മൈക്കിൾസ് ഹോസ്പിറ്റൽ ഉൾപ്പെടുന്ന യൂണിറ്റി ഹെൽത്ത് ടൊറൻ്റോ അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടൊറൻ്റോ, സെനക്ക പോളിടെക്നിക്, ജോർജ്ജ് ബ്രൗൺ പോളിടെക്നിക് എന്നിവയുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇമെയിൽ സേവനങ്ങളെയും തകരാർ ബാധിച്ചിട്ടുണ്ട്.
അതേസമയം, സാങ്കേതിക തകരാർ കാരണം യാത്രക്കാർക്ക് അവരുടെ യാത്രയെക്കുറിച്ചുള്ള ഇമെയിൽ അറിയിപ്പുകൾ ലഭിച്ചേക്കില്ലെന്ന് ‘വിയ റെയിൽ’ (Via Rail) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ, ‘വിയ റെയിൽ ട്രെയിൻ ട്രാക്കർ’ (VIA Rail train tracker) ഉപയോഗിക്കണം. കൂടാതെ ട്രെയിൻ സ്റ്റാറ്റസ് എസ്എംഎസ് (SMS) ആയി ‘വിയ റെയിൽ ട്രെയിൻ സ്റ്റാറ്റസ് ആൻഡ് ഷെഡ്യൂൾസ്’ (Via Rail Train Status & Schedules) പേജിൽ രജിസ്റ്റർ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു.








