വാർഷിക ‘കമ്മ്യൂണിറ്റി ഡേ’ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സൗജന്യ സിനിമകളും ആർക്കേഡ് ഗെയിമിങും പ്രഖ്യാപിച്ച് കാനഡയിലെ പ്രമുഖ വിനോദ ശൃംഖലയായ സിനിപ്ലെക്സ്. നവംബർ 14 ശനിയാഴ്ചയാണ് ഈ പ്രത്യേക ദിനം. സിനിപ്ലെക്സ് തിയേറ്ററുകൾക്ക് പുറമെ, ‘ദ റെക് റൂം’, ‘പ്ലേഡിയം’എന്നീ കേന്ദ്രങ്ങളിലും സൗജന്യ ആനുകൂല്യങ്ങളും സ്നാക്സുകൾക്ക് വൻ വിലക്കിഴിവും ലഭ്യമാകും.
നവംബർ 14 രാവിലെ 9 മണി മുതൽ 11 മണി വരെയുള്ള സമയത്ത് തിയേറ്ററുകളിൽ നേരിട്ടെത്തുന്നവർക്ക് ‘ഫസ്റ്റ് കം, ഫസ്റ്റ് സെർവ്ഡ്’ അടിസ്ഥാനത്തിൽ ‘ദി ലെഗോ മൂവി’,’പാഡിംഗ്ടൺ 2′,’എ മൈൻക്രാഫ്റ്റ് മൂവി’, ‘ടോം ആൻഡ് ജെറി’ തുടങ്ങിയ ജനപ്രിയ കുടുംബചിത്രങ്ങൾ സൗജന്യമായി കാണാം. കൂടാതെ, രാവിലെ 11 മണി വരെ പോപ്പ്കോൺ, പാനീയങ്ങൾ, കാൻഡികൾ എന്നിവ 3 ഡോളറിന് ലഭിക്കും. ഗെയിമിങ് പ്രേമികൾക്കായി എക്സ്സ്കേപ്പ് (XSCAPE) കേന്ദ്രങ്ങളിൽ 30 മിനിറ്റ് സൗജന്യ പ്ലേ കാർഡുകളും, റെക് റൂം, പ്ലേഡിയം കേന്ദ്രങ്ങളിൽ ഒരു മണിക്കൂർ സൗജന്യ ഗെയിം ബാൻഡുകളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെയും ചെറുപ്പക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദേശീയ സന്നദ്ധ സംഘടനയായ ‘BGC കാനഡ’യ്ക്കുള്ള ധനസമാഹരണാർത്ഥമാണ് സിനിപ്ലെക്സ് കമ്മ്യൂണിറ്റി ഡേ ആഘോഷിക്കുന്നത്. ഈ ദിവസം വിറ്റഴിക്കുന്ന ഓരോ സ്നാക്സ്, ഫുഡ്-ബെവറേജ് ഉൽപ്പന്നങ്ങളിൽ നിന്നും, ഗെയിം കാർഡ് റീചാർജുകളിൽ നിന്നും 1 ഡോളർ വീതം സിനിപ്ലെക്സ് ബി.ജി.സി കാനഡയ്ക്ക് സംഭാവന നൽകും.







