എഡ്മിന്‍റൻ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് ആൽബർട്ടയിൽ 17 വയസ്സുള്ള കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 26-നാണ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്സ്‌മെൻ്റ് ടീം അറസ്റ്റ് രേഖപ്പെടുത്തിയത്. തീവ്രവാദ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി കോടതിയുടെ ‘ടെററിസം പീസ് ബോണ്ട്’പ്രകാരമാണ് കൗമാരക്കാരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കൗമാരക്കാരനും ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ’ (ഐസിസ് – ISIS) എന്ന സംഘടനയുമായി ബന്ധമുള്ളവരും തമ്മിൽ ഓൺലൈൻ വഴി നടന്ന ആശയവിനിമയത്തെക്കുറിച്ച് ഫെബ്രുവരിയിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റിലായ കുട്ടിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും, അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.







