ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനത്തിനിടെ ലൂയിസ് കൗണ്ടിയിലുള്ള ഒരു കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ന്യൂയോര്‍ക്കിലും സമീപ സംസ്ഥാനങ്ങളിലും അഞ്ചാംപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു മാസം മുമ്പ് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ സംസ്ഥാനത്ത് ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 178 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എട്ടെണ്ണം ന്യൂയോര്‍ക്ക് നഗരത്തിലാണ്. സംശയാസ്പദമായ അഞ്ചാംപനി കേസുകളില്‍ സാമ്പിളുകള്‍ ശേഖരിക്കാനും പരിശോധന നടത്താനും രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് അനുമതി നല്‍കുന്നതാണ് അടിയന്തര ഉത്തരവ്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്ത് അഞ്ചാംപനി കേസുകള്‍ വര്‍ധിച്ചു തുടങ്ങിയതിന് ശേഷം ഒരു സംസ്ഥാനം ഇത്തരമൊരു അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നത് ആദ്യമായാണ്.
അമേരിക്കയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത അഞ്ചാംപനി കേസുകളില്‍ കുറഞ്ഞത് 96 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവരിലോ വാക്‌സിനേഷന്‍ നില വ്യക്തമല്ലാത്തവരിലോ ആണെന്നാണ് കണക്ക്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകള്‍ ചുവന്ന് വെള്ളമൊഴുകുക എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. ശരീരത്തിലെ താപനില 104 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരാനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വായ്ക്കുള്ളില്‍ ചെറിയ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ശരീരത്തില്‍ ചുവന്ന പാടുകളോടു കൂടിയ തിണര്‍പ്പ് പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടണം.
അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ 4,800-ലധികം അഞ്ചാംപനി കേസുകള്‍ സ്ഥിരീകരിച്ചതായാണ് സിഡിസിയുടെ കണക്ക്. രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1991-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. അഞ്ചാംപനി പ്രതിരോധിക്കാന്‍ എംഎംആര്‍ വാക്‌സിന്‍റെ രണ്ട് ഡോസുകളാണ് സിഡിസി ശുപാര്‍ശ ചെയ്യുന്നത്. ആദ്യ ഡോസ് 12 മുതല്‍ 15 മാസം വരെയുള്ള പ്രായത്തിലും രണ്ടാമത്തെ ഡോസ് നാല് മുതല്‍ ആറ് വയസ്സ് വരെയുമാണ് നല്‍കേണ്ടത്.







