കടുത്ത ശൈത്യകാല കാലാവസ്ഥയെ നേരിടാനൊരുങ്ങി കാൽഗറി. ബുധനാഴ്ച നഗരത്തിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. നഗരത്തിൽ രണ്ടുമുതൽ നാല് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച രാത്രി ആരംഭിക്കുന്ന മഞ്ഞുവീഴ്ച വ്യാഴാഴ്ച വരെ തുടരും.
മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി കുറയുകയും, യാത്ര ദുഷ്കരമാകുകയും ചെയ്യും. പകൽ സമയത്ത് താപനില ഉയരുന്നതിന് പകരം കുറഞ്ഞു വരുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. രാവിലെ യാത്ര ചെയ്യുന്ന സമയത്ത് കാറ്റ് കാരണം അനുഭവപ്പെടുന്ന തണുപ്പ് (wind chill) ഏകദേശം മൈനസ് 6 ഡിഗ്രി സെൽഷ്യസും, ഉച്ചകഴിഞ്ഞ് മൈനസ് 8 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. വ്യാഴാഴ്ചയും മേഘാവൃതമായ കാലാവസ്ഥയും തണുപ്പും തുടരുമെങ്കിലും, മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത വളരെ കുറവാണ്. ശനിയാഴ്ച ‘ഹാലോവീൻ’ (Halloween) ദിനത്തിൽ കാലാവസ്ഥ മെച്ചപ്പെടും. നഗരത്തിൽ സൂര്യപ്രകാശം തെളിയുകയും താപനില 6 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യും.







