കാനഡയിൽ ‘എഗ് ഫ്രീസിങ്’ രീതി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് കനേഡിയൻ ഫെർട്ടിലിറ്റി ആൻഡ് ആൻഡ്രോളജി സൊസൈറ്റിയുടെ (CFAS) പുതിയ റിപ്പോർട്ട്. 2013-ൽ വെറും 217 എഗ് റിട്രീവൽ സൈക്കിളുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഇത് 2,663 ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2013-ൽ ഏകദേശം 775 അണ്ഡങ്ങൾ മാത്രമാണ് ബാങ്ക് ചെയ്തിരുന്നതെങ്കിൽ, നിലവിൽ ഇത് 22,000-ത്തിലധികം ആയി കുത്തനെ ഉയർന്നിട്ടുണ്ട്. സ്ത്രീകളുടെ അണ്ഡം (Eggs) ശേഖരിച്ച് അതിശൈത്യത്തിൽ സൂക്ഷിച്ചുവെച്ച് പിന്നീട് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് എഗ് ഫ്രീസിങ്.
ഉയർന്ന ജീവിതച്ചെലവും കരിയർ ലക്ഷ്യങ്ങളും കാരണം പല കാനഡക്കാരും തങ്ങളുടെ കുടുംബാസൂത്രണം നീട്ടിവെക്കാൻ ‘എഗ് ഫ്രീസിങ്’ രീതിയെ ആശ്രയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഉചിതമായ പങ്കാളിയെ കണ്ടെത്താൻ വൈകുന്നവർക്കും ഭാവിയിൽ കുട്ടികളുണ്ടാകാനുള്ള ആഗ്രഹിക്കുന്നവർക്കുമടക്കം ഇതൊരു പ്രധാന സുരക്ഷാ മുൻകരുതലായി മാറിയിട്ടുണ്ട്. എന്നാൽ, ഒരു സൈക്കിളിന് ഏകദേശം 8,000 ഡോളറും മരുന്നുകൾക്കായി മറ്റ് ഉയർന്ന തുകയും ചെലവ് വരുന്നത് സാധാരണക്കാർക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തികമായി ഭദ്രതയുള്ളവർക്ക് മാത്രമായി ഈ സേവനം പലപ്പോഴും ഒതുങ്ങിപ്പോകുന്നുണ്ടെന്നും, ഭാവിയിലെ ഫലപ്രാപ്തിക്ക് യാതൊരുവിധ ഗ്യാരണ്ടിയും നൽകാനാവില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.







