വിവാഹം മുടക്കിയെന്ന തെറ്റായ ധാരണയുടെ പേരിൽ കോഴിക്കോട് പേരാമ്പ്ര ചേനോളിയിൽ ഓട്ടോഡ്രൈവർക്ക് നേരെ ക്വട്ടേഷൻ ആക്രമണം. ചേനോളി സ്വദേശിയായ മണ്ണ്യാങ്കണ്ടി റഷീദിനാണ് (45) വ്യാഴാഴ്ച രാത്രി ക്രൂരമർദനമേറ്റത്. കാറിലെ പെട്രോൾ തീർന്നതിനാൽ പെട്രോൾ വാങ്ങി വരാൻ ഓട്ടോയുമായി വരാൻ ആവശ്യപ്പെട്ട് വീട്ടിലെത്തിയ പ്രതികൾ, റഷീദിനെ റോഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റമർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് റഷീദിന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും കാഴ്ച മറയ്ക്കുകയും ചെയ്തു.
തുടർന്ന് അക്രമിസംഘം ഇരുമ്പുകട്ട ഉപയോഗിച്ച് റഷീദിന്റെ നെറ്റിയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും നിലത്തേക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഇതിനുപിന്നാലെ റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചുകയറിയ സംഘം ഭാര്യയെയും ഭീഷണിപ്പെടുത്തുകയായിരുന്നു. റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഷീദ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാസം മുമ്പ് അയൽവാസി തന്നെയും ഭാര്യയെയും ആക്രമിച്ച് വീൽചെയറിലാക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റഷീദ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം പേരാമ്പ്ര പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.







