ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പുകൾക്കെതിരെ ഇന്ത്യ ശക്തമായ വച്ചുമാറ്റമില്ലാത്ത നിലപാടുകൾ വ്യക്തമാക്കി. ഭീകരവാദം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ എന്നീ മേഖലകളിൽ പാക്കിസ്ഥാൻ പുലർത്തുന്ന നിലപാടുകളിലെ വൈരുധ്യം ഇന്ത്യൻ പ്രതിനിധികൾ യുഎൻ വേദിയിൽ തുറന്നുകാട്ടി. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ പരമാധികാര പരിധിയിൽപ്പെടുന്ന അവിഭാജ്യ ഘടകങ്ങളാണെന്നും, രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ ആവർത്തിച്ചു.
‘മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെ യുഎന്നിലെ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗ്ലാനന്ദൻ പാക്കിസ്ഥാനെതിരെ രൂക്ഷമായ പ്രഹരമേൽപ്പിച്ചു. 1999-ലെ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും ഏറ്റെടുക്കാൻ തയാറാകാതിരുന്ന ഒരു രാജ്യം മതസ്വാതന്ത്ര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. അത്തരം പാക് സൈനികരുടെ ഭൗതികശരീരങ്ങൾ ഉചിതമായ സൈനിക ബഹുമതികളോടെയും ഇസ്ലാമിക ആചാരങ്ങൾ പാലിച്ചുമാണ് ഇന്ത്യൻ സൈന്യം സംസ്കരിച്ചതെന്നും അവർ വ്യക്തമായ തെളിവുകളോടെ സഭയെ ഓർമ്മിപ്പിച്ചു.
കൂടാതെ, അൽഖായ്ദ തലവൻ ഒസാമ ബിൻ ലാദന് അഭയം നൽകിയ അതേ രാജ്യത്താണ് കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമും കഴിയുന്നതെന്ന് പാക്കിസ്ഥാനെ പരാമർശിച്ച് ഇന്ത്യൻ പ്രതിനിധി രഘു പുരി യുഎൻ പൊതുസഭയിൽ ഓർമ്മിപ്പിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി-കമ്പനി’ ഇന്ത്യ ആസ്ഥാനമായുള്ള ഒന്നാണെന്ന് യുഎൻ പ്രത്യേക പ്രതിനിധി ബെൻ സോൾ ജൂലൈയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇന്ത്യ തിരയുന്ന പ്രമുഖ കുറ്റവാളിയാണെന്നും, അവൻ നിലവിൽ പാക്കിസ്ഥാനിലാണ് കഴിയുന്നതെന്നും ചൂണ്ടിക്കാണിച്ച് ഈ റിപ്പോർട്ടിനെതിരെ ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു.







