ബ്രിട്ടിഷ് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ ജെഫ്രി ആർചർ (86) അന്തരിച്ചു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ട് നീണ്ട സാഹിത്യരചനകളിൽ ‘ക്ലിഫ്റ്റൺ ക്രോണിക്കിൾസ് സീരീസ്’, ‘കെയ്ൻ ആൻഡ് ആബേൽ’ എന്നീ കൃതികൾ ഏറെ ശ്രദ്ധേയമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 100 പുസ്തകങ്ങളിൽ ‘കെയ്ൻ ആൻഡ് ആബേൽ’ ഉൾപ്പെടുന്നു. പുതിയ പുസ്തകമായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാൻ ഇരിക്കവേയാണ് ആർചർ വിടപറഞ്ഞത്. 1975 ൽ പ്രസിദ്ധീകരിച്ച : നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’ ആണ് ആർചറുടെ ആദ്യ നോവൽ. 2014 ൽ താൻ കാൻസർ ബാധിതനാണെന്ന് ആർചർ വെളിപ്പെടുത്തിയിരുന്നു.
വിദ്യാർത്ഥിയായിരിക്കെ കൺസർവേറ്റിവ് പാർട്ടിയിൽ അംഗമായ ആർചർ 29ാം വയസ്സിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെൻ്റ് അംഗമായി. 1985 ൽ ജെഫ്രി ആർചറിനെ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ കൺസർവേറ്റീവ് ഡപ്യൂട്ടി ചെയർമാനായി ഉയർത്തി. എന്നാൽ ഈ പദവി ലഭിച്ച് രണ്ടു വർഷത്തിനു ശേഷം അദ്ദേഹം വിവാദങ്ങളിൽ പെട്ട് രാജി വയ്ക്കാൻ നിർബന്ധിതനായി.







