പ്രമുഖ അമേരിക്കൻ സംഗീത നിർമാതാവും ഗായകനുമായ സീൻ “ഡിഡി” കോംപ്സ്, ന്യൂജേഴ്‌സിയിലെ ഫോർട്ട് ഡിക്സ് ഫെഡറൽ ജയിലിൽ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് റിപ്പോർട്ട്. ജയിലിൽ മൊബൈൽ ഫോൺ, മദ്യം എന്നിവയ്ക്കൊപ്പം ആവശ്യക്കാരെല്ലാം അനുസരിച്ചുനിൽക്കുന്ന പ്രത്യേക സൗകര്യങ്ങളും അദ്ദേഹത്തിനുണ്ടെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
വ്യഭിചാരവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 50 മാസത്തെ തടവുശിക്ഷ അനുഭവിച്ചു വരുന്ന 56 കാരനായ കോംപ്സ്, ജയിലിലും തന്റെ പഴയ ജീവിതശൈലി തുടരുന്നതിനായി മാസത്തിൽ ആയിരക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. ഇതേ ജയിലിൽ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന നാല് തടവുകാരാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
കുറഞ്ഞ സുരക്ഷയുള്ള ഈ ജയിലിൽ കോംപ്സിനായി ഭക്ഷണം പാകം ചെയ്യാനും മുറികൾ വൃത്തിയാക്കാനും, കിടക്ക ശരിയാക്കാനും, തുണികൾ അലക്കാനും മറ്റ് തടവുകാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് ചൈനീസ് ശൈലിയിലുള്ള മസാജുകൾ ചെയ്തു നൽകാൻ ആളുകളുണ്ടെന്നും എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പുറംലോകവുമായി ബന്ധമില്ലെങ്കിലും, പഴയ കാമുകി അയക്കുന്ന നഗ്നചിത്രങ്ങളും സെക്സ് ഫോട്ടോകളും കാണാൻ തടവറയ്ക്കുള്ളിൽ അദ്ദേഹം നിരോധിത സെൽഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പല സ്രോതസ്സുകളും സ്ഥിരീകരിച്ചു.
നെറ്റ്ഫ്ലിക്സ് ഡോക്യുമെറീസായ ‘സീൻ കോംപ്സ്: ദി റെക്കണിംഗ്’ ഉൾപ്പെടെയുള്ള സിനിമകളും ഡോക്യുമെന്ററികളും കാണുന്നതിനായി ജയിൽബ്രേക്ക് ചെയ്ത ടാബ്‌ലെറ്റും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇതിനുപുറമെ ജയിലിലെ കറുത്ത മാർക്കറ്റിൽ വിൽക്കുന്ന വിഷാദരോഗത്തിനുള്ള മരുന്നുകളും മറ്റ് ആഡംബര സാധനങ്ങളും അദ്ദേഹം പണം നൽകി വാങ്ങിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഗാർഡുകൾ രഹസ്യമായി കടത്തിക്കൊണ്ടുവരുന്ന പ്രീമിയം മദ്യം മറ്റ് ചില തടവുകാരുമൊത്ത് അദ്ദേഹം ആസ്വദിക്കാറുമുണ്ട്.
മുൻ കോടീശ്വരനായ കോംപ്സ്, തനിക്ക് സേവനങ്ങൾ ചെയ്തുനൽകുന്ന തടവുകാരുടെ കമ്മേഴ്സറി അക്കൗണ്ടുകളിലേക്ക് പുറത്തുനിന്നും പണം എത്തിച്ചാണ് ഈ ആഡംബര ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ശുചിമുറി വൃത്തിയാക്കുന്നത് മുതൽ കറി ചിക്കൻ, പിസ തുടങ്ങിയ പ്രത്യേക ഭക്ഷണങ്ങൾ പാകം ചെയ്തു നൽകുന്നതിന് വരെ തടവുകാർക്ക് അദ്ദേഹം പണം നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രോസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളിൽ കോംപ്സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗത്തിന് അടിമയായ കോംപ്സിന് ജയിൽ ശിക്ഷ ഇളവ് ലഭിക്കുന്ന ലഹരി വിമുക്ത പദ്ധതി ലഭിക്കുന്നതിനായാണ് ഫോർട്ട് ഡിക്സ് ജയിൽ തെരഞ്ഞെടുത്തത്. എന്നാൽ ജയിലിലെത്തിയ അന്ന് മുതൽ തന്നെ മദ്യവും ഫോണും മറ്റ് ആഡംബരങ്ങളും അദ്ദേഹത്തിന് ലഭിച്ചുതുടങ്ങി.
ജൂലൈയിൽ മറ്റൊരു തടവുകാരനുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് അദ്ദേഹത്തെ ഏകാന്ത തടവിലേക്ക് മാറ്റുകയും ലഹരി വിമുക്ത പദ്ധതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷവും പണത്തിന്റെ സ്വാധീനത്തിൽ അദ്ദേഹം തന്റെ ആഡംബര ജീവിതം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ജയിലിലെ സാധാരണ കാര്യങ്ങളെ പോലും മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുകയാണെന്ന് കോംപ്സിന്റെ വക്താവ് പ്രതികരിച്ചു. കോംപ്സിന്റെ അപ്പീൽ കോടതിയുടെ പരിഗണനയിലാണെന്നും തന്റെ ശിക്ഷ അദ്ദേഹം അനുഭവിച്ചു വരികയാണെന്നും വക്താവ് വ്യക്തമാക്കി.







