ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു. നെഹ ബൊമ്മാലി (33), അമ്മായിയമ്മ രാമാദേവി (67) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ 16 രാത്രി ഏകദേശം 9.40ന് മെൽബണിലെ പോയിൻ്റ് കുക്കിൽ Boardwalk Boulevard–Innessfail Drive ജംഗ്ഷനിലായിരുന്നു അപകടം. നെഹയും രാമാദേവിയും സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള പോർഷെ മാകാനുമായി കൂട്ടിയിടിക്കുകയായിരുന്നു. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനായി ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലെത്തിയതായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു. പോർഷെയുടെ ഡ്രൈവർ 53കാരനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി മെൽബണിലെ തെലുങ്ക് കമ്മ്യൂണിറ്റി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിലെ വിശാഖപട്ടണത്തെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.







